Fri. Mar 29th, 2024

ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പീഡനപരാതി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്ന് ആരോപണം. സഭ നേതൃത്വം മൂടിവെക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപം ഉയരുന്നു. ലൈംഗികമായും മാനസികമായുമുള്ള പീഡനങ്ങള്‍ വിവരിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയത്. സഭ ആസ്ഥാനത്തെത്തിയായിരുന്നു ഇത്. എന്നാല്‍, പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച സഭ നേതൃത്വം ബലാല്‍സംഗം ചെയ്തുവെന്ന പരാതി പൊലീസിനു കൈമാറിയതുമില്ല.

കര്‍ദിനാള്‍ തന്നെ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായും കുറവിലങ്ങാട് എത്തിയപ്പോള്‍ ഇവരുമായി സംസാരിച്ചതായും വിവരമുണ്ട്. പരാജയപ്പെട്ടപ്പോള്‍ സമ്മര്‍ദത്തിലൂടെയും ഭീഷണിയിലൂടെയും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിഷപ് ശ്രമിച്ചെങ്കിലും കന്യാസ്ത്രീ വഴങ്ങിയില്ല. ഇതോടെ സമ്മര്‍ദം ശക്തമായതിനെതുടര്‍ന്നാണ് ഇവര്‍ െപൊലീസില്‍ നേരിട്ട് പരാതി നല്‍കിയത്.

സെന്റ് ഫ്രാന്‍സിസ്‌കന്‍ മിഷന്‍ സന്യാസിസമൂഹത്തിന്റെ മുന്‍ മദര്‍ സൂപ്പീരിയറായ ഇവര്‍ ഒരു മിഷന്‍ ഹോമിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ജലന്ധര്‍ രൂപത ലത്തീന്‍ സഭയുടെ കീഴിലുള്ളതാണെങ്കിലും അധ്യക്ഷനായ ബിഷപ് ഫ്രാങ്കോ മുളക്കല്‍ സീറോ മലബാര്‍ സഭാംഗമായ തൃശൂര്‍ സ്വദേശിയാണ്.

ഫ്രാന്‍സിസ്‌കന്‍ മിഷന്‍ കേരളത്തില്‍ സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ബിഷപ്പിനെതിരെ പരാതിയുമായി കര്‍ദിനാളിനെ സമീപിക്കാന്‍ കാരണം. പീഡനപരാതി മറച്ചുവെച്ചതിന് സഭ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫ്രാങ്കോ 2009 ജനുവരിയില്‍ സഹായ മെത്രാനും 2013ല്‍ ജലന്ധര്‍ ബിഷപ്പായും നിയമിതനായി. സന്മാര്‍ഗിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ബിഷപ്പിനെതിരായ പരാതിയുടെ ആദ്യഘട്ടത്തില്‍, കന്യാസ്ത്രീയുടെ സഹോദരന്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതോടെ വധിക്കാന്‍ നോക്കുന്നുവെന്നാരോപിച്ച് ബിഷപ്പും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടു പരാതി ലഭിച്ചതോടെ വൈക്കം ഡിവൈ.എസ്.പിയോട് വിശദ അന്വേഷണം നടത്താന്‍ ജില്ല പൊലീസ് മേധാവി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച ശേഷം ബുധനാഴ്ചയാണ് ബിഷപ്പിനെതിരെ കേസെടുത്തത്. തുടര്‍ന്ന് വനിത പൊലീസ് ഉള്‍പ്പെട്ട സംഘം മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.