Fri. Mar 29th, 2024

മതമില്ലാത്ത ജീവൻ എന്ന ഒരു പ്രയോഗം ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്ര പുസ്തകത്തിൽ നിന്നാണ് മലയാളത്തിൽ ഇത്ര പ്രചുരപ്രചാരം ലഭിച്ചത്. ആ ഒറ്റ ബാച്ചിൽ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ചവരിൽ ഞാനും ഉണ്ടായിരുന്നു.

ഒരു വശത്ത്, ഞങ്ങൾ പഠിപ്പിക്കുന്ന ഈ പാഠം പഠിച്ച് പിഴച്ച് പോകാതിരിക്കാൻ ഏഴാം ക്ലാസ്സുകാർക്ക് പ്രത്യേക ഉപദേശം പള്ളിയിൽ നിന്ന് നല്കുന്നുണ്ടായിരുന്നു .പള്ളിയുടെ മുമ്പിൽ വച്ച് തന്നെ വിശദീകണയോഗവുമായി സഖാക്കളും .അങ്ങനെ പരസ്പര വിരുദ്ധമായ ചൂടൻ അഭിപ്രായങ്ങൾ കേട്ട് രസം പിടിച്ച് കുട്ടിളും ‘മതമില്ലാത്ത ജീവൻ’ എടുക്കുന്ന ദിവസത്തിനായി കാത്തിരുന്നു. ദീപികയിൽ പിതാക്കൻമാരുടെ യമണ്ടൻ ലേഖനങ്ങളും വിമോചന സമരം റീലോഡഡ് എന്ന മട്ടിലുള്ള ആവേശം കൊള്ളലുകളും നാട്ടിലെ യൂ.കോ , കേ.കോ കളുടെ വക ഫോട്ടോസ്റ്റാറ്റ് കത്തിക്കലുകളും ഒക്കെയായി നാളുകൾ കടന്നു പോയി.

അങ്ങനെ ‘മതമില്ലാത്ത ജീവൻ’ ഇങ്ങനെ അടുത്തടുത്ത് വരുവാണേ. ആദ്യം ജീവൻ എത്തിയത് അടുത്തുള്ള പള്ളി സ്കൂളിലാണ്. അവിടെ പഠിക്കുന്ന കുട്ടികളുടെ റിപ്പോർട്ടുകൾ പ്രകാരം അവർക്കു കിട്ടിയ ജീവൻ മിശ്രവിവാഹത്തിന്റെ ഇരയാണ്…!! അച്ഛനും അമ്മയും വിവിധ മതത്തിൽ പെട്ടു പോയതുകൊണ്ട് സ്വന്തമെന്ന് വിളിക്കാൻ ഒരു മതത്തിനായി 18 വർഷം കാത്തിരിക്കേണ്ടി വന്ന ജീവൻ എന്ന കുട്ടിയുടെ കദനകഥ…! മിശ്രവിവാഹം എന്ന ‘വിപത്തി’നെതിരെ ഘോര ഘോരം ജീവൻ പ്രസംഗിച്ചതായി അറിഞ്ഞു …

ഒരാഴ്ച കഴിഞ്ഞപ്പൊ ദേ വരുന്നു ഞങ്ങടെ സ്കൂളിലും ജീവൻ… പോരാത്തതിന് ഞാനും പ്രിൻസിപ്പാളും മറ്റൊരു സാറും നിരീശ്വരവാദികളാണെന്ന് അറിയാവുന്നതുകൊണ്ട് പള്ളീലും വീട്ടിലും കിട്ടിയ എക്സ്ട്രാ ഉപദേശങ്ങൾ തീർത്ത പ്രൊട്ടക്റ്റീവ് ബാരിയറിന്റെ ബലത്തിൽ വാ.. മോനേ.. വാ എന്ന മട്ടിൽ കുട്ടികളും ഇരിക്കുന്നു.

അറ്റൻഡൻസ് – തലേന്നത്തെ ഇംപോസിഷൻ ചെക്ക് ചെയ്യൽ – ഇന്നത്തെ ചോദ്യം ചോദിക്കൽ – അടി/ഇമ്പോ – ഇന്നത്തെ പാഠം എടുക്കൽ – അവസാനത്തെ അഞ്ചു മിനിറ്റിൽ പൊതുവായ ഉപദേശവും വഴക്കു പറയലും….. ഇതായിരുന്നു ഞങ്ങളുടെ ഒരു ടിപ്പിക്കൽ സോഷ്യൽ സ്റ്റഡീസ് പീരിഡ്. പക്ഷെ പതിവിന് വിരുദ്ധമായി അറ്റൻഡൻഡിന് ശേഷം ക്വസ്റ്റ്യൻ അവറിലേക്ക് കടക്കാതെ ടീച്ചർ പുസ്തകം എടുക്കാൻ പറഞ്ഞപ്പൊ ‘ഇന്ന് ഇവിടെ എന്തേലും നടക്കും’ എന്നൊരു ഫീലായിരുന്നു.കുട്ടികളിൽപോലും.

പൊതുബോധത്തെ വിറളി പിടിപ്പിച്ച ആ എന്തോ ഒന്നിനു വേണ്ടി രണ്ടാമതും മൂന്നാമതും അവർ ഈ പേജിൽ പരതിക്കൊണ്ടിരുന്നു. ബുക്ക് മടക്കിവയ്ക്കാൻ ആയിരുന്നു അടുത്ത ഓർഡർ. അവർ പേന കൊണ്ട് അടയാളം വച്ച് പുസ്തകം അടച്ചു. എന്നിട്ട് ‘മതമില്ലാത്ത ജീവന്റെ’ മിസ്റ്ററി ഡികോഡ് ചെയ്യാൻ പോകുന്ന ടീച്ചറെ അത്ഭുതത്തോടെ നോക്കിയിരിക്കുന്നു .

ആദ്യം കഥ ഒന്ന് ഉറക്കെ വായിച്ചു. എന്നിട്ട് ചില ചോദ്യങ്ങൾ.. ഉത്തരം പ്രതീക്ഷിച്ചല്ലെന്ന് മാത്രം…
“നിങ്ങളൊക്കെ ഓരോ മതത്തിൽ പെട്ടവരല്ലേ.. ”
” എങ്ങനെയാ കൃത്യമായിട്ട് നിങ്ങക്ക് ഇഷ്ടപ്പെട്ട മതം തന്നെ കിട്ടിയത് ?”
” നിങ്ങടെ സ്വന്തം മതം അല്ലാതെ വേറെ മതങ്ങളെപ്പറ്റി നിങ്ങള് ആരോടേലും ചോയിച്ചിട്ടുണ്ടോ?”
” ജീവന്റെ അച്ഛനും അമ്മയും വേറെ വേറെ മതത്തിൽ പെട്ടവരാണ്. അപ്പൊ അവര് എങ്ങനെയാ കല്യാണം കഴിച്ചത്? ”
” ജീവൻ എന്ന് പേര് കേട്ടാൽ അവൻ ഏത് മതക്കാരൻ ആന്ന് മനസിലാകുന്നുണ്ടോ..?”

“ജീവന്റെ അച്ഛൻ ചെയ്തത് നല്ല കാര്യമാന്ന് നിങ്ങക്ക് തോന്നിയോ? ജീവൻ വലുതാകുമ്പൊ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ പറ്റുവോ..?”

“ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കാൻ പറ്റുവോ..? അങ്ങനെ ജീവിച്ചാ എന്തേലും കുഴപ്പം ഉണ്ടെന്ന് തോന്നുന്നൊണ്ടോ..?”

എല്ലാത്തിനുമുള്ള കുറച്ച് ഉത്തരങ്ങളും ഞാൻ തന്നെ പറഞ്ഞു . ഒരു പതിനഞ്ച് മിനിറ്റ് … അതിനുള്ളില് പരുപാടി കഴിഞ്ഞു. ഇത്രേയുള്ളാരുന്നോ… ശെടാ .. ഇതാണോ മതമില്ലാത്ത ജീവൻ.. ഇതെന്ത് സിമ്പിളാണ്…? ഇതിനാണോ നാട്ടുകാരു അടിവെച്ചതും സമരം ചെയ്തതും ? ഇതിനാണോ ഞങ്ങൾ ഇത്രേം നാള് കാത്തിരുന്നത്? ഏഴാം ക്ലാസുകാരുടെ നിരാശ കലർന്ന മുഖത്തു നോക്കി ഞാൻ പതുക്കെ പുഞ്ചിരിച്ചു. ഇനിയും എന്തൊക്കെയോ ഈ പേജിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു മൊണാലിസ കൈൻഡ് ഓഫ് പുഞ്ചിരി…

വീട്ടിൽ ചെന്നപ്പൊൾ തന്നെ മതമില്ലാത്ത ജീവൻ വന്ന കാര്യം കുട്ടികൾ പറഞ്ഞുഎന്ന് പിറ്റേന്ന് അറിഞ്ഞു.മിക്കവരും നല്ല സത്യ ക്രിസ്ത്യാനി ഉപദേശത്തിന്റെ രണ്ട് ഡോസ് ഇട്ട് നല്ലോണം തേച്ചു കഴുകി, വൈകിട്ട് ഒരു പത്ത് മിനിറ്റ് എക്സ്ട്രാ ബൈബിളും വായിപ്പിച്ച് വീട്ടുകാർ ആശ്വാസം കൊണ്ടു. പിറ്റെ ദിവസം മുതൽ പഴയ അടി/ഇമ്പൊ മെതേഡിലേക്ക് മാറി. അങ്ങനെ മതമില്ലാത്ത ജീവൻ പൊതുവെ കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചു.

ഇനി കുറച്ച് ഫാസ്റ്റ് ഫോർവേഡ് അടിച്ചാൽ 2018 മെയ്ൽ വരും. അന്നത്തെ ഏഴാം ക്ലാസ്സുകാരന് 21 വയസ്. മതമില്ലാത്ത ജീവന് മതം തെരഞ്ഞെടുക്കാൻ നിശ്ചയിക്കപ്പെട്ട പ്രായം. ചെന്നൈ സെൻട്രലിൽ നാട്ടിലേക്ക് പോകാൻ ആലപ്പി എക്സ്പ്രസിന് വെയ്റ്റ് ചെയ്തിരിക്കുന്ന ആ ജീവൻറെ കയ്യിലെ ഫോണിൽ ചറപറ ആപ്സ്.. അഡോബി റീഡറിൽ ഡോക്കിൻസിന്റെ ‘ഗോഡ് ഡിലൂഷൻ.pdf’ അവസാന പേജുകളിൽ എത്തി നിൽക്കുന്നു. ഫേസ്ബുക്കിലാകട്ടെ, FT ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകൾ. ഒരു പാട് ചിന്താധാരകളും പ്രത്യയശാസ്ത്രങ്ങളും ആവാഹിക്കാൻ വാ പിളർന്ന് നിൽക്കുന്നു. എന്നും കൂടെ ഉണ്ടാകുമെന്ന് എല്ലാവരും പറഞ്ഞ് പഠിപ്പിച്ച ഫെയ്ത്ത് വല്യ ക്രൈസിസിൽ കൂടെ കടന്നുപോകുന്നു. ചില കാര്യങ്ങളിലെങ്കിലും ഉടനെ തീരുമാനങ്ങൾ വേണമെന്ന് മനസ് പറഞ്ഞു. പതുക്കെ മതി, തിരക്കില്ലല്ലോ .. എന്ന് സ്വയം പറഞ്ഞുകൊണ്ട് ട്രെയ്ൻ കയറിയെങ്കിലും, അടുത്ത ദിവസം ആലുവയിൽ ഇറങ്ങുമ്പോഴേക്കും ചില കാര്യങ്ങൾക്ക് തീരുമാനമായിരുന്നു. എന്ന് അവൻ പറഞ്ഞു.

എനിക്ക് മതത്തെ അല്ല, മതത്തിന് എന്നെ ആണ് ആവശ്യമെന്ന തിരിച്ചറിവ് ഇനിയൊരിക്കലും ഓർഗനൈസ്ഡ് റിലീജിയന്റെ ഭാഗമായിരിക്കില്ല എന്ന തീരുമാനത്തിലേക്ക് അവനെ നയിച്ചു. എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ ‘I don’t need a God anymore..’ എന്നൊരുത്തരം നൽകാനുള്ള ആത്മവിശ്വാസം ഇന്നവനുണ്ടായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ 11 വർഷത്ത അദ്ധ്യാപിക ജീവിതം ഒരാളിലെങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞതിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി.

അപ്പൊ മതമില്ലാത്ത ജീവൻ.. ? കൃത്യമായി പറഞ്ഞാൽ മതമില്ലാത്ത ജീവൻ എന്റെ അവസരമായിരുന്നു. ഒരു പാസ്സീവ് ഞായറാഴ്ച വിശ്വാസിയായി, പൊതുബോധത്തിന്റെ കണ്ണിൽ മോഡൽ മലയാളിയായി, തീർത്തും വൺ ഡയമെൻഷണലായി തീർന്നു പോകുമായിരുന്ന ജീവിതത്തിൽ നിന്ന് രക്ഷപെടാൻ എനിക്ക് കിട്ടിയ അവസരം. അന്ന് ടീച്ചർ പാഠത്തിനൊപ്പം സമ്മാനിച്ച ആ ചിരിയുടെ അർത്ഥം ഇപ്പൊ കുറച്ചൊക്കെ മനസിലാകുന്നുണ്ട്. അപ്പൊ ചുരുക്കത്തിൽ, ആ ഒരു പുഞ്ചിരിയുടെ ഡികോഡിങ്ങാണ് എന്റെ ജീവിതം..

പക്ഷെ അവൻ ഇപ്പോൾ ഒരുപടികൂടി കടന്ന് എന്നോട് ഇങ്ങനെകൂടി പറഞ്ഞു. മതമില്ലാത്ത ജീവൻ പാഠപുസ്തകത്തിൽ തിരിച്ചു വന്നാൽ ഡയലോഗിൽ ഒരു ചെറിയ മാറ്റം വേണം. ” അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ ” എന്നതിന് പകരം, “അവന് മതം വേണമെങ്കിൽ തെരഞ്ഞെടുക്കട്ടെ” എന്നാക്കണം..എന്ന്

ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന പഴമൊഴി തെറ്റി. ഏട്ടിലെ പശുവിതാ പുല്ലു തിന്നുന്നു

ഇപ്പോൾ പാഠപുസ്തകത്തിലല്ലാതെ മതമില്ലാത്ത ജീവൻ ഏത് സ്കൂളിലാണ് പഠിക്കുന്നത്?

കേരളത്തിലെ 9209 കേരള സിലബസ് സ്കൂളുകളിൽ നിന്നുമുള്ള ഡേറ്റയാണ് ലഭ്യമായിട്ടുള്ളത്. ആകെ 123,630 കുട്ടികളാണ് ജാതി-മതം കോളം രേഖപ്പെടുത്താതായി ഉള്ളത്.

ജാതിയും മതവും സ്കൂൾ രേഖകളിൽ രേഖപ്പെടുത്താത്ത കുട്ടികളുടെ കണക്കുക്കൾ കേരള സർക്കാർ പുറത്തുവിട്ടു. ഈ ഡാറ്റ സർക്കാറിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. ഈ ഫയൽ പി.ഡി.എഫ് ആയിട്ടാണ് ഉള്ളത്, അതിൽ ഹയർ സെക്കന്ററിയുടെ കണക്കുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്തതാണെന്ന് തോന്നുന്നു. ഈ ഡേറ്റയെ സ്പ്രഡ്ഷീറ്റിലേക്ക് മാറ്റിയാലേ അനലൈസ് ചെയ്യാൻ പറ്റുകയുള്ളൂ. ഹയർ സെക്കന്ററി ഡേറ്റയ്ക്ക് വ്യക്തത കുറവായതുകൊണ്ട് ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന ജാതി-മതം രേഖപ്പെടുത്താത്ത കുട്ടികളുടെ ഡേറ്റ മാത്രമേ സ്പ്രെഡ്ഷീറ്റിലേക്കു മാറ്റി, അനാലിസിസിൽ ഉൾപ്പെടുത്താൽ സാധിച്ചുള്ളൂ.

കേരളത്തിലെ 9209 കേരള സിലബസ് സ്കൂളുകളിൽ നിന്നുമുള്ള ഡേറ്റയാണ് ലഭ്യമായിട്ടുള്ളത്. ആകെ 123,630 കുട്ടികളാണ് ജാതി-മതം കോളം രേഖപ്പെടുത്താതായി ഉള്ളത്. അതിൽ 40,057 (32.4 ശതമാനം) പേരും പഠിക്കുന്നത് 200 സ്കൂളുകളിലായാണ്. ജാതി-മതം രേഖപ്പെടുത്താത്ത 100 കുട്ടികളെങ്കിലും ഉള്ള സ്കൂളുകൾ ഈ 200 എണ്ണം മാത്രമാണ്. ബാക്കിയുള്ള 9009 സ്കൂളുകളിലും 100-ൽ താഴെ കുട്ടികൾ മാത്രമേ ജാതി-മതം രേഖപ്പെടുത്താതിരുന്നിട്ടുള്ളൂ.

ഈ ഡേറ്റ കണ്ടപ്പോൾ എനിക്ക് കൗതുകം തോന്നി. ചില സ്കൂളുകളിലെ കുട്ടികൾ കൂടുതലായി മതം ഉപേക്ഷിക്കാൻ താല്പര്യപ്പെടുന്നു. ജാതിമതരഹിതരായ കുട്ടികളുടെ എണ്ണത്തിൽ ഒന്നാമത് നിൽക്കുന്നത് കണ്ണൂർ സീനിയർ സെക്കന്ററി സ്കൂൾ ആണ് – 1079 പേർ. തുറയ്ക്കൽ അൽ-ഹിദായത്ത് സ്കൂൾ 1011 കുട്ടികളുമായി തൊട്ടു പിറകിലുണ്ട്. നൂറ് കുട്ടികളെങ്കിലും ജാതി-മത രഹിതരായി രേഖപ്പെടുത്തിയ സ്കൂളുകൾ മാത്രമേ മാപ്പിൽ കാണിക്കുന്നുള്ളൂ എന്ന് ഓർക്കുമല്ലോ.

തീർന്നില്ല സോഷ്യൽമീഡിയയിലും സെർച്ചുചെയ്തപ്പപ്പോൾ ധാരാളം പേജുകളും ഗ്രൂപ്പുകളും ഇതേ മതമില്ലാത്ത ജീവൻറെ നാമത്തിൽ. അതിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയ സഖാവ് മനു അഡ്മിൻ ആയിട്ടുള്ള ” ‘മതമില്ലാത്ത ജീവിതങ്ങൾ’ എന്നപേജിൽ അരലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മതമില്ലാത്ത ജീവിതങ്ങളെ സഹായിക്കലുമാണ്.ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പേജ് അഡ്മിൻ പറയുന്നു.

ജാതിയും മതവുമെല്ലാം നിലനിർത്തികൊണ്ടുപോകുന്നതിന് എല്ലാ മതങ്ങളും ഉപയോഗപ്പെടുത്തുന്ന ഉപാധിയാണ് വിവാഹം.’അന്യമതസ്ഥനെ വിവാഹം ചെയ്യരുതെന്ന’ കൽപ്പന ദൈവത്തെക്കൊണ്ട് നടത്തിച്ചുണ്ട് എല്ലാ മത സ്ഥാപകരും.അതുകൊണ്ടുതന്നയാണ് പ്രണയിക്കുന്നവർക്ക് നേരെ ഈ മത ഭ്രാന്തന്മാർ അസഹിഷ്ണുക്കളാകുന്നതും. പ്രണയിച്ചതിൻറെ പേരിൽ ദുരഭിമാനക്കൊലകളും ശാരീരിക ആക്രമണങ്ങളും ഊരുവില ക്കുകളുമെല്ലാം ഉത്തരേന്ത്യൻ ഗ്രാമങ്ങളെപ്പോലും നാണംകെടുത്തിക്കൊണ്ട് നമ്പർ വൺ കേരളത്തിൽ അരങ്ങേറുമ്പോൾ ‘ഒന്നിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായത്തിനായി ഈ ഫേസ്ബുക്ക് കൂട്ടായ്മ നിലകൊള്ളുന്നു.

പ്രണയിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ട കെവിന്റെയും ജീവിതം തകർന്ന നീനുവിന്റെയും അനുഭവം ഇനിയാർക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.പ്രണയിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും പ്രണയം അന്വേഷിക്കുന്നവർക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവർക്കും ഒന്നാകാൻ ആഗ്രഹിക്കുന്നവർക്ക് എന്തെങ്കിലും തടസ്സമുണ്ടായാൽ അത് നിയമപരമായിത്തന്നെ നീക്കാൻ സഹായിക്കുകയും ചെയ്യും ഈ കൂട്ടായ്മ.