മലങ്കര ഓർത്തഡോക്സ് സഭയിൽ കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് വൈദികർ അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറി. കേസിൽ അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്ക്കാര കമ്മിഷൻ അദ്ധ്യക്ഷനായ വി.എസ് അച്യുതാനന്ദൻ ഡി.ജി.പിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഡി.ജി.പിയോട് വിശദീകരണവും തേടിയിരുന്നു.
നിരണം ഭദ്രാസനത്തിലെ മൂന്നും തുമ്പമൺ, ഡൽഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരും സ്കൂൾ അദ്ധ്യാപികയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് കഴിഞ്ഞ മേയിലാണ് സഭാനേതൃത്വത്തിന് പരാതി ലഭിച്ചത്. തുടർന്ന് അഞ്ച് പേരെയും മാറ്റി നിറുത്തുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. തുമ്പമൺ ഭദ്രാസനത്തിലെ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, ഫാ. ഗബ്രിയേൽ ജോസഫ്, നാഗ്പുർ വൈദിക സെമിനാരി മുൻ വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. റെജി മാത്യു, അഭിഭാഷകരായ മാത്യു ജോൺ, പ്രദീപ് മാമ്മൻ മാത്യു തുടങ്ങിയവരാണ് കമ്മിഷൻ അംഗങ്ങൾ.
വിവാഹത്തിന് മുമ്പ് വൈദികനുമായി ഉണ്ടായിരുന്ന അവിഹിത ബന്ധം കുമ്പസാരക്കൂട്ടിൽ തുറന്നു പറഞ്ഞതാണ് യുവതിക്ക് കുരുക്കായത്. കുമ്പസാര രഹസ്യം മനസിലാക്കിയ വൈദികൻ ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് വീട്ടമ്മയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നെന്ന് ഭർത്താവിന്റെ സംഭാഷണത്തിൽ പറയുന്നു. മറ്റു വൈദികർക്കും വിവരം കൈമാറിയതോടെ ഇവരും യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇങ്ങനെ എട്ടുപേർ യുവതിയെ ചൂഷണം ചെയ്തെന്നും ഇവരിൽ അഞ്ചുപേരുടെ മൊബൈൽ ചാറ്റിംഗ് ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ടെന്നും ഭർത്താവ് പറയുന്നു.
