നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ താരത്തിന്റെ ഗേറ്റിന് മുന്നിൽ റീത്ത് വച്ചു. അമ്മയ്ക്ക് ആദരാഞ്ജലികൾ എന്നെഴുതിയ ബോർഡുകളുമായി എത്തിയ പ്രവർത്തകർ താരത്തിന്റെ വീട് ഉപരോധിച്ചു. പിന്നീട് പോലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, വിഷയത്തിൽ മോഹൻലാലിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. മോഹൻലാലിന് പിന്തുണയുമായി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മോഹൻലാൽ ആരാധകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. താരത്തിനെതിരെ അനാവശ്യ വിവാദങ്ങളുണ്ടാക്കി കുപ്രചാരണങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇക്കൂട്ടരുടെ നിലപാട്.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മഹിളാ കോൺഗ്രസും കൊച്ചിയിൽ എ.ഐ.വൈ.എഫ് പ്രവർത്തകരും മോഹൻലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. മോഹൻലാൽ സിനിമകളുടെ ചിത്രീകരണം തടയുമെന്നും എ.ഐ.വൈ.എഫ് പ്രഖ്യാപിച്ചിരുന്നു.