Fri. Nov 20th, 2026

ഒരുകാലത്ത് തിലകൻ അനുഭവിച്ച ആത്മസംഘർഷത്തിന്റെ പാപഭാരമാണ് അമ്മയെ വിടാതെ പിന്തുടർന്ന് ഇപ്പോഴത്തെ വിവാദത്തിലെത്തിച്ചിരിക്കുന്നതെന്ന് മകൾ ഡോ. സോണിയ തിലകൻ. അച്ചടക്കനടപടിക്ക് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട് ഇറങ്ങിപ്പോടോ’ എന്നാണ് പറഞ്ഞതെന്നും സോണിയ പറഞ്ഞു.കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ.സോണിയാ തിലകൻ ‘അമ്മ’ക്കെതിരെ പ്രതികരിച്ചത്.

നടിയെ ഉപദ്രവിച്ച കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെഅമ്മ’യിലേക്ക് തിരിച്ചെടുത്തത് വൻ വിവാദമായി കത്തി ക്കയറുമ്പോഴാണ് സോണിയ മനസു തുറന്നത്. 2010ൽ അച്ഛനെ അമ്മ’യിൽ നിന്നു പുറത്താക്കുമ്പോൾ അച്ഛൻ വിശദീകരണം കൊടുത്തില്ല എന്നാണ് അതിന്റെ ഭാരവാഹികൾ പറഞ്ഞത്. ഞാനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയിൽ കൊടുത്തത്.

സംഘടനയിൽ നിന്നു പുറത്താക്കിയതിന്റെ വിഷമം അച്ഛൻ പുറത്തുപറഞ്ഞില്ല. നേരത്തേ കരാറായ ഏഴോളം സിനിമകളിൽ നിന്ന് അച്ഛനെ ഒഴിവാക്കി. ഒരു സിനിമയുടെ ലൊക്കേഷനിൽ നിന്നു മടങ്ങേണ്ടി വന്നു. ‘ഫെഫ്ക’യും എതിരായി നിന്നു. സംവിധായകൻ രഞ്ജിത് ഇന്ത്യൻ റൂപ്പി’ എന്ന ചിത്രത്തിൽ വിലക്ക് ലംഘിച്ച് അച്ഛനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വലിയ എതിർപ്പ് സിനിമാ സംഘടനകളിൽ നിന്ന് ഉണ്ടായി. രഞ്ജിത്ത് ഉറച്ചുനിന്നപ്പോൾഅമ്മ’ വിലക്കുനീക്കി.

ആ സിനിമ കാണാൻ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ അന്നത്തെ സന്തോഷം കണ്ടപ്പോൾ ആദ്യ ചിത്രം കാണാൻ പോവുകയാണോ എന്നു തോന്നി. സിനിമ തുടങ്ങിക്കഴിഞ്ഞിട്ട് പോകാമെന്നാണ് അച്ഛൻ പറഞ്ഞത്. ആളുകൾ തിരിച്ചറിയാതിരിക്കാൻ ടൗവ്വൽ തലയിലിട്ടാണ് തിയേറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നു. ഇത്രയും നാൾ എവിടെയായിരുന്നു?’ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

അപ്പോഴേക്കും തിയേറ്ററിൽ പ്രേക്ഷകർ എണീറ്റുനിന്നു കൈയടിച്ചു. പ്രേക്ഷകർ ചൊരിഞ്ഞ ആ അംഗീകാരം എന്നെയും ഏറെ സന്തോഷിപ്പിച്ചു. ഞാൻ നോക്കിയപ്പോൾ അച്ഛൻ തേങ്ങിക്കരയുന്നു. അന്ന് തിലകൻ എന്ന പേര് പറയാൻ പോലും നടീനടന്മാർ മടിച്ചിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു സിനിമയിലെ ഈ ഫ്യൂഡൽ മാടമ്പിമാരെ എന്ന് സോണിയ പറഞ്ഞു.