Fri. Mar 29th, 2024

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഗവര്‍ണര്‍ എന്‍.എന്‍. വോറ നല്‍കിയ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിനുശേഷമാണ് ജമ്മു-കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. ജമ്മുകശ്മീരിലെ പി.ഡി.പി., ബി.ജെ.പി. സഖ്യത്തില്‍ നിന്ന് പിന്മാറുകയാണെന്നും പിന്തുണ പിന്‍വലിക്കുകയാണെന്നും ഇന്നലെ ഉച്ചയോടെ ബി.ജെ.പി. നേതൃത്വം പ്രഖ്യാപിച്ചതോടെയാണ് മൂന്നുവര്‍ഷമായി തുടരുന്ന സഖ്യസര്‍ക്കാരിന് അന്ത്യമായത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ച കശ്മീരില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ വച്ചാണ് സഖ്യം വിടുന്നതിന് തീരുമാനമായത്. പി.ഡി.പി.യുമായി ഇനി സഖ്യം തുടരാനാകില്ലെന്ന് കോണ്‍ഗ്രസ്സും, സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള തീരുമാനത്തിലാണ് ഗവര്‍ണര്‍ ഭരണത്തിന് വഴിവെച്ചത്.

നാല് പതിറ്റാണ്ടിനിടയിലെ എട്ടാമത്തെ ഗവര്‍ണര്‍ ഭരണമാണ് കശ്മീരില്‍ നടക്കുന്നത്. നിലവിലെ ഗവര്‍ണറായ എന്‍.എന്‍. വോറയുടെ കാലത്ത് നാലാമത്തേ ഭരണവുമാണ്. ഷേക്ക് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് നേതൃത്വം നല്‍കിയ ന്യൂനപക്ഷ സര്‍ക്കാരിന് അന്നു സംസ്ഥാന കോണ്‍ഗ്രസിനെ നയിച്ച മുഫ്തി മുഹമ്മദ് സയീദ് പിന്തുണ പിന്‍വലിച്ചപ്പോള്‍ 1977 മാര്‍ച്ച് 26നാണ് ആദ്യമായി ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. ഗവര്‍ണര്‍ എല്‍.കെ. ഝായുടെ ഭരണം 105 ദിവസം നീണ്ടു.

തെരഞ്ഞെടുപ്പിലൂടെ നാഷണല്‍ കോണ്‍ഫറന്‍സ് ഭരണത്തില്‍ തിരിച്ചെത്തി. മുഖ്യമന്ത്രി ഗുലാം മുഹമ്മദ് ഷായ്ക്കു സയീദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ ഗവര്‍ണര്‍ ഭരണം രണ്ടാമതുമെത്തി. 1986 മാര്‍ച്ചിലായിരുന്നു അത്. 246 ദിവസത്തിനു ശേഷം പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ധാരണയിലൂടെ ഫറൂഖ് അബ്ദുള്ള ഭരണത്തിലേറി.

സയീദ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെയായിരുന്നു മൂന്നാം ഗവര്‍ണര്‍ ഭരണം. ഗവര്‍ണറായി ജഗ്മോഹന്റെ നിയമനം മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എതിര്‍ത്തതോടെയുണ്ടായ ഗവര്‍ണര്‍ ഭരണം 1996 ഒക്ടോബര്‍ വരെ, ആറു വര്‍ഷവും 264 ദിവസവും നീണ്ടു. ആറു വര്‍ഷത്തിനു ശേഷം, 2002 ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ തൂക്കുസഭ ഉണ്ടായതോടെ വീണ്ടും ഗവര്‍ണര്‍ ഭരണം. കോണ്‍ഗ്രസിനെയും സ്വതന്ത്രരെയും കൂട്ടി സയീദ് പി.ഡി.പി. സര്‍ക്കാരുണ്ടാക്കുന്നതുവരെ 15 ദിവസം അതു തുടര്‍ന്നു.

ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനു പി.ഡി.പി. പിന്തുണ പിന്‍വലിച്ചതോടെ അഞ്ചാമതും ഗവര്‍ണര്‍ ഭരണമായി. അത് 174 ദിവസം നീണ്ടു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെവന്നതോടെ 2014 ഡിസംബര്‍ 23നു ജമ്മു കശ്മീര്‍ വീണ്ടും ഗവര്‍ണര്‍ ഭരണത്തിലായി. പി.ഡി.പി-ബി.ജെ.പി. സഖ്യസര്‍ക്കാരുണ്ടായ 2015 മാര്‍ച്ച് ഒന്നു വരെ തുടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണശേഷം, ബി.ജെ.പി. പിന്തുണ സ്വീകരിച്ച് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായതോടെ 2016 ഏപ്രില്‍ ആറു വരെയായിരുന്നു ഇതിനു മുമ്പുള്ള ഗവര്‍ണര്‍ ഭരണം.