Fri. Mar 29th, 2024

ഒരു കാലത്ത് കുട്ടനാട്ടിലെ കര്‍ഷകരുടെ അവസാനവാക്കായിരുന്ന ഫാ. തോമസ് പീലിയാനിക്കലിന്റെ അറസ്റ്റില്‍ രാഷ്ട്രീയ കര്‍ഷക സംഘടനകളും മൗനത്തിലാണ്. ആലപ്പുഴയിലെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളില്‍ പലരും ഇക്കാര്യത്തില്‍ അഭിപ്രായംപോലും പറയാന്‍ മടിക്കുകയാണ്. വൈദീകന്‍ നടത്തിയ തട്ടിപ്പിന് കൂടുതല്‍ പേരുടെ പിന്തുണയുണ്ടോ? കാലാകാലങ്ങളില്‍ കര്‍ഷകരെ പറ്റിച്ചതില്‍ ഇവരുടെയൊക്കെ പങ്കും അന്വേഷിക്കപ്പെടുമോ എന്ന ആശങ്കയാണ് ഇവരുടെ പിന്മാറ്റത്തിലെന്നും ആക്ഷേപമുയരുന്നുണ്ട്.

അതുപോലെ തന്നെ കാര്‍ഷിക വായ്പ തട്ടിപ്പു കേസില്‍ ഫാ.തോമസ് പീലിയാനിക്കല്‍ അറസ്റ്റിലായിട്ടും ചങ്ങനാശേരി അതിരൂപതയ്ക്കും നിലപാടൊന്നുമില്ല. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല.

കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടറായ ഇദ്ദേഹത്തെ ഓഫീസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. രൂപതയിലെ സാമൂഹിക സേവന പ്രസ്ഥാനത്തിന്റെ പേരില്‍ ഒരു വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ട് ഒരു നടപടിയും ഫാ. തോമസ് പീലിയാനിക്കലിനെതിരെ രൂപതാ നേതൃത്വം എടുക്കാത്തതും വലിയ വിവാദമാകുകയാണ്.

രൂപതയിലെ മുതിര്‍ന്ന വൈദീകനും രൂപതയുടെ തന്നെ സാമൂഹിക സേവന പ്രസ്ഥാനവുമായ കുട്ടനാട് വികസന സമിതിയുടെ ഡയറക്ടറുമായ ഫാ. തോമസ് പീലിയാനിക്കല്‍ കഴിഞ്ഞ മൂന്നുമാസമായി കേസിനെ തുടര്‍ന്ന് ഒളിവിലായിട്ടും അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ രൂപതാ നേതൃത്വം തയ്യാറായില്ല. ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ രൂപത ഒരു സമിതിയെ നിയോഗിച്ചിരുന്നു.

റിപ്പോര്‍ട്ടില്‍ ഫാ. പീലിയാനിക്കല്‍ 12 കോടിരൂപയുടെ ക്രമക്കേട് നടത്തിയിരുന്നുവെന്ന് കണ്ടെത്തിവെങ്കിലും ആ റിപ്പോര്‍ട്ട് പരിഗണിക്കാനും രൂപതാ നേതൃത്വം തയ്യാറായില്ല. തട്ടിപ്പിന് ഇരയായ ആളുകളെ കേള്‍ക്കാനോ, തട്ടിപ്പ് സംബന്ധിച്ച് അന്വേഷിക്കാനോ രൂപതാ നേതൃത്വം തയ്യാറായിരുകുന്നതിന് പകരം ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതു രഹസ്യമായി പരിഹരിക്കാന്‍ മാത്രമായിരുന്നു നേതൃത്വം ശ്രമിച്ചത്.

മധ്യകേരളത്തിലെ ഒരു ബിഷപ്പിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു സാമുദായിക നേതാവിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടത്തിയിരുന്നു. ഇതിന് ഫാ. പീലിയാനിക്കലിന് എല്ലാ പിന്തുണയും നല്‍കിയത് രൂപതയായിരുന്നു. രൂപതയിലെ ഒരു ഇടവകയിലെ വികാരിയുടെ ചുമതലയുള്ള ഫാ. തോമസ് പീലിയാനിക്കല്‍ ഉത്തരവാദിത്വമുള്ള സ്ഥാനത്ത് തുടരുമ്പോള്‍ രൂപതാ നേതൃത്വം ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ വിശ്വാസികള്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

അതുകൊണ്ടുതന്നെ വൈദീകന്‍ നടത്തിയ തട്ടിപ്പില്‍ രൂപതാ നേതൃത്വത്തിനും പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. അതിനിടെ വൈദീകന്റെ അറസ്റ്റിനുപിന്നില്‍ ചില അണിയറക്കഥകളും കേള്‍ക്കുന്നുണ്ട്. പീലിയാനിക്കലിന്റെ അറസ്റ്റ് രൂപതാ നേതൃത്വവും പോലീസും തമ്മിലുണ്ടാക്കിയ തിരക്കഥയാണെന്നാണ് ആരോപണം. ഫാ. തോമസ് പീലിയാനിക്കലിനെതിരെ പരാതി നല്‍കിയിരുന്ന ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തില്‍ ഇന്നു ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. രൂപതയുടെ ആസ്ഥാനത്തേക്കുള്ള പ്രതിഷേധം ഒഴിവാക്കുക എന്ന ലക്ഷ്യമായിരുന്നു ഈ അറസ്‌റ്റിന്‍റെ പിന്നിലെന്നും പറയപ്പെടുന്നു.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913