Fri. Nov 20th, 2026

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് റിട്ട. അദ്ധ്യാപകൻ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ നാല മണിയോടെയായിരുന്നു സംഭവം. നാദാപുരം കൈവേലി നരിപ്പറ്റ സ്വദേശി മണിയൂർ താഴെ കൊയ്യാലേമ്മൽ നാണു (59) ആണ് മരിച്ചത്. എസ്.എൻ.ഡി.പി യോഗം മണിയൂർ താഴെ ശാഖ പ്രസിഡന്റാണ് നാണു. നാദാപുരം കല്ലാച്ചിക്ക് സമീപം വട്ടോളി അമ്പലകുളങ്ങര സംസ്ഥാന പാതയിൽ കാർ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ നാട്ടുകാരാണ് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്. ചൂടുകാരണം നാട്ടുകാർക്ക് അടുത്തേക്ക് പോകാനായില്ല. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും കാർ കത്തി നശിച്ചിരുന്നു. ഡ്രൈവിംഗ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ അദ്ധ്യാപകനെ കണ്ടെത്തുകയായിരുന്നു.

പുലർച്ചെ മകനെ ആശുപത്രിയിൽ കാണിക്കുന്നതിന് വേണ്ടി ടോക്കണെടുക്കാനാണ് നാണു വീട്ടിൽ നിന്ന് കാറുമായി പുറത്തിറങ്ങിയതെന്ന് പറയുന്നു. കഷ്ടിച്ച് ഒരു കിലോമീറ്റർ എത്തിയപ്പോഴാണ് സംഭവം. പുലർച്ചെയായതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. അപകട കാരണം വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സി.ഐ സുനിൽകുമാർ പറഞ്ഞു.

വിദഗ്ധ പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂ എന്നും സി.ഐ പറഞ്ഞു. സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വേണ്ടി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുജാതയാണ് ഭാര്യ. ഫോറൻസിക് വിദഗ്ധർ പരിശോധനയ്ക്ക് എത്തുന്നുണ്ട്. നാണു മാസ്റ്ററുടെ വിയോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ അനുശോചിച്ചു.