കര്‍ണാടക നിയമസഭാ പ്രോ ടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ നിയമിച്ച ഗവര്‍ണറുടെ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ബൊപ്പയ്യ തന്നെ പ്രോ ടേം സ്പീക്കറായി പ്രവര്‍ത്തിക്കും. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ ഇന്നത്തെ സഭയുടെ അജണ്ടയില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്നും സഭ സുഗമമായി നടക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബൊപ്പയ്യയുടെ നേതൃത്വത്തില്‍ സഭയില്‍ നടക്കുന്ന സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സഭാ നടപടികള്‍ റെക്കോര്‍ഡ് ആയി സൂക്ഷിക്കണമെന്നും കോടതി സഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. കോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി. ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു കോണ്‍ഗ്രസും ജെ.ഡി.എസും കോടതിയെ സമീപിച്ചത്.
അതേസമയം, വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് പ്രോ ടേം സ്പീക്കറായിരിക്കുമെന്നും കോടതി വ്യക്തമാക്കി.ബൊപ്പയ്യയുടെ പ്രതിഛായ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നിയമനത്തെ ചോദ്യം ചെയ്തത്. ബൊപ്പയ്യയ്ക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗം കൂടി കേള്ക്കേണ്ടിവരണമെന്നും അതിനായി അദ്ദേഹത്തിന് നോട്ടീസ് നല്‍കണമെന്നും ഇത് കൂടുതല്‍ സമയം എടുക്കുമെന്നും വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് കോണ്‍ഗ്രസ് അയഞ്ഞത്. ബൊപ്പയ്യയുടെ നിയമനം റദ്ദാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ആഗ്രഹിച്ചപോലെ കര്‍ശന നിരീക്ഷണത്തിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലും വോട്ടെടുപ്പ് നടത്താനുള്ള നീക്കം വിജയിച്ചുവെന്ന് അവര്‍ക്കും ആശ്വസിക്കാം.
#Karnataka pro tem speaker KG Bopaiah at Vidhan Soudha. #FloorTest to be held at 4 pm today. pic.twitter.com/IKqVR750Ez
— ANI (@ANI) May 19, 2018