Sun. Nov 22nd, 2026

മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്.യെദിയൂരപ്പയും ജനതാദൾ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിയും രാജ്ഭവനിലെത്തി ഗവർണർ വജുഭായ് വാലയെ കണ്ട് കർണാടകയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് യെദിയൂരപ്പ ഗവർണറെ കണ്ടത്. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടു. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ബി.ജെ.പി സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് യെദിയൂരപ്പ ഗവർണറോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം സഭയിൽ തെളിയിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

യെദിയൂരപ്പ മടങ്ങിയതിന് പിന്നാലെ 5.25ഓടെ കുമാരസ്വാമി ഗവർണറെ കാണാനെത്തി. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചുള്ള കത്ത് കുമാരസ്വാമി ഗവർണർക്ക് കൈമാറി. ജെ.ഡി.എസിനെ പിന്തുണ പ്രഖ്യാപിച്ചുള്ള കത്ത് കോൺഗ്രസും ഗവർണർക്ക് നൽകി. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ 10 എം.എൽ.എമാരും ഗവർണറെ കാണുന്നുണ്ട്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു.

ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍  ധാരണയായത്.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന് മുന്നേറിയിരുന്നെങ്കിലും പിന്നീട് ലീഡ് നില 105ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കുമാരസ്വാമി നയിക്കുന്ന സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ കൊടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.