Sun. Sep 20th, 2026

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും ഭൂമി ഇടപാട് വിവാദത്തില്‍. സഭയുടെ കീഴിലുളള കാക്കനാടുണ്ടായിരുന്ന ആറു സെന്‍റ് സ്ഥലവും ഭൂമിയും ബന്ധുവിന് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കാന്‍ സഭ തീരുമാനിച്ച ഭൂമിയാണ് ഇരുചെവിയറിയാതെ കര്‍ദിനാള്‍ മറിച്ചു വിറ്റത്. 22.5 ലക്ഷം രൂപയ്കാണ് ബന്ധുവായ ജെന്‍സണ്‍ ജെയിംസിന് ഭൂമി കൈമാറ്റം നടന്നത്.

ആര്‍ച്ച് ഡയോസ്യന്‍ മൂവ്മെന്‍റ് ഫോര്‍ ട്രാന്‍സ്പരന്‍സിയാണ് കര്‍ദിനാളിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. ഭൂമി വിറ്റതിന്‍റെ രേഖക ളും സംഘടന പുറത്തു വിട്ടു. ഭൂമി വില്‍പനയിലൂടെ ലഭിച്ച പണം അതിരൂപതയുടെ അക്കൗണ്ടിലെത്തിയിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം. ഇതോടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഭയിലെ പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്.

2016 സെപ്റ്റംബറിലാണ് വില്‍പന നടന്നതെന്നാണ് രേഖകള്‍. നിര്‍ധന കുടുംബത്തിനായി കരുതി വച്ചിരുന്ന ഭൂമി വില്‍പന നടത്തിയതിലൂടെ കര്‍ദിനാള്‍ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും അപമാനമായി മാറിയിരിക്കുകയാണെന്ന് പുരോഹിതര്‍ ആരോപിക്കുന്നു. കോട്ടപ്പാടിയിലെ 25 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഇദ്ദേഹം നടത്തിയ നീക്കം നേരത്തെ വിവാദമായിരുന്നു. ഭൂമി ആവശ്യപ്പെട്ടെത്തിയ കമ്പനികള്‍ക്ക് പിന്നില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണെന്നാണ് പുരോഹിതരില്‍ ഒരു വിഭാഗം ആരോപിച്ചിരുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ ഭൂമി വില്‍പന വിവാദം.

കോടിക്കണക്കിന് വില വരുന്ന ഭൂമി വില്‍പന നടത്തിയിട്ടും ഇൗ പണമൊന്നും അതിരൂപതയുടെ അക്കൗണ്ടിലേക്ക് വരുന്നില്ലെന്നതാണ് പുരോഹിതര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ദിനാളിന് കളളപ്പണ മാഫിയയുമായുളള ബന്ധം അന്വേഷിക്കണമെന്ന ആവശ്യമാണ് വിശ്വാസികള്‍ മുന്നോട്ടു വയ്ക്കുന്നത്. അതിരൂപതയുടെ ഒരു തുണ്ട് ഭൂമി പോലും ഇനി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.

വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരെ നിലപാടെടുത്ത പുരോഹിത സമിതിക്കെതിരിയും ഇതിനിടയില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പുരോഹിത സമിതിയുടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് അവരുടെ ആവശ്യം. എന്നാല്‍ ഇവര്‍ക്കു പിന്നില്‍ അതിരൂപതയുടെ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുന്നവരും കര്‍ദിനാളിനെ അനുകൂലിക്കുന്നവരുമാണെന്നാണ് പുരോഹിതരുടെ വാദം.