വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയത് കസ്റ്റഡിയിലുള്ള പുരുഷ ലൈംഗിക തൊഴിലാളി ഉൾപ്പെടെ അഞ്ച് പേരാണെന്ന് പൊലീസ് കരുതുന്നു. വാഴമുട്ടത്തെ ലഹരി മാഫിയാ സംഘത്തിലുള്ളവരാണ് ഇവർ. ഇവരുൾപ്പെടെ പത്ത് പേർ കസ്റ്റഡിയിലുണ്ട്. അഞ്ചംഗ സംഘം ആറ്റിലൂടെ ലിഗയെ കണ്ടൽക്കാടിനടുത്ത് കൊണ്ടുവന്ന ഫൈബർവള്ളവും മറ്റൊരു വള്ളവും പിടിച്ചെടുത്തു. രണ്ട് വള്ളങ്ങളും കണ്ടൽക്കാട്ടിലേക്ക് കയറ്റിവച്ച നിലയിലായിരുന്നു. ഈ വള്ളങ്ങളിൽ ഇവർ ഇടയ്ക്കിടെ മൃതദേഹം കിടന്ന തുരുത്തിൽ എത്തിയിരുന്നതായി വിവരം കിട്ടി. ഇവിടത്തെ കടവിലെ വള്ളക്കാരനും സമാനമായ മൊഴി നൽകി.
പിടിയിലായവരുടെ മൊഴിപ്രകാരം ഡി.സി.പി ജി.ജയ്ദേവിന്റെ നേതൃത്വത്തിൽ കണ്ടൽക്കാട് വെട്ടിത്തെളിച്ച് നടത്തിയ ഫോറൻസിക് പരിശോധനയിൽ മൃതദേഹം കിടന്നതിനടുത്തു നിന്ന് ലിഗയുടേതല്ലാത്ത മുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും കിട്ടിയതായി വിവരമുണ്ട്.കണ്ടൽ കാട്ടിൽ മൃതദേഹം കിട്ടിയിടത്തെ വള്ളിപ്പടർപ്പുകൾ പൊലീസ് പരിശോധിച്ചു. വള്ളികൾ കൂട്ടിപ്പിണച്ച കുരുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ച് ലിഗയെ ശ്വാസംമുട്ടിച്ചെങ്കിൽ കഴുത്തിലെ ഞരമ്പുകൾക്ക് ശക്തമായ ക്ഷതമേൽക്കുമായിരുന്നെന്നും മാനഭംഗത്തിനിടെ കൈകൊണ്ട് കഴുത്തിൽ അമർത്തിപ്പിടിച്ചപ്പോഴാവാം മരണം സംഭവിച്ചതെന്നുമാണ് ഫോറൻസിക് വിദഗ്ദ്ധരുടെ നിഗമനം. മൃതദേഹം വലിച്ചു മാറ്റാനോ മറ്റോ വള്ളികൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു
ബീച്ചിൽ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി പൂനംതുരുത്തിലേക്ക് വള്ളത്തിൽ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകൻ ലിഗയ്ക്ക് കഞ്ചാവ് ചേർത്ത സിഗരറ്റ് നൽകിയതായും വിവരമുണ്ട്.ഗൈഡ് അറിയിച്ചതനുസരിച്ച് ലഹരി വിൽപ്പന സംഘം മറ്റൊരു വള്ളത്തിൽ എത്തിയെന്നാണ് നിഗമനം. ഇവർ മുൻപ് നിരവധി തവണ വള്ളത്തിൽ കണ്ടൽക്കാട് പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നും കടത്തുകാരൻ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം കാണുന്നതിന് തലേന്നും ഇവർ വന്നിരുന്നു. മൃതദേഹം കണ്ടെന്ന് അറിഞ്ഞ് പൊലീസ് എത്തിയപ്പോഴും ഇവർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിറ്റേന്ന് ഇവർ ഒളിവിൽ പോവുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ കൂടി ലഭിച്ചാലേ കൊലപാതകത്തിന്റെ ചുരുൾ അഴിയൂ. 40അംഗ സംഘം രാപ്പകൽ അന്വേഷിക്കുകയാണ്.