Thu. Mar 28th, 2024

സംസ്ഥാനത്ത് മുദ്രപത്രങ്ങളും റവന്യൂ സ്റ്റാമ്പുകളും കിട്ടാനില്ല. ആറുമാസമായി മുദ്രപത്രങ്ങള്‍ക്ക് ക്ഷാമമുണ്ടായിരുന്നുവെങ്കിലും റവന്യൂ സ്റ്റാമ്പുകളും കിട്ടാതാകുന്നതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകും. സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെയും കോടതി വ്യവഹാരങ്ങളെയുമൊക്കെ ഫലത്തില്‍ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്. നോട്ട് നിരോധനത്തിന്‍റെ അനന്തരഫലമാണ് ഇപ്പോഴത്തെ ഇൗ അവസ്ഥയെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

കുറഞ്ഞ വിലയ്ക്കുളള മുദ്രപത്രത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിച്ചു നോക്കിയെങ്കിലും അത് വലിയ പരീതിയില്‍ ഗുണം ചെയ്തിട്ടില്ല. 5000 രൂപയ്ക്കു മുകളിലുളള എല്ലാ ഇടപാടുകള്‍ക്കം റവന്യൂ സ്റ്റാമ്പ് നിര്‍ബന്ധമാണെന്നിരിക്കേ സര്‍ക്കാര്‍ മേഖലയിലും പൊതു മേഖലയിലുമുളള താത്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും ഇത് ബാധിക്കുന്നുണ്ട്. താമസിയാതെ കോര്‍ട്ട് ഫീ സ്റ്റാമ്പിനും ക്ഷാമം നേരിടുമെന്നാണ് സൂചന.

സര്‍ക്കാര്‍ ഒാഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമൊക്കെ അപേക്ഷകള്‍ നല്‍കാനും വിവരാവകാശ അപേക്ഷ നല്‍കാനുമൊക്കെ കോര്‍ട്ട് ഫീ സ്ററാമ്പ് കൂടിയേ തീരൂ. നിലവില്‍ കഷ്ടിച്ച് ഒന്നര മാസത്തേക്കുളള കോര്‍ട്ട് ഫീ സ്റ്റാമ്പ് മാത്രമേ സര്‍ക്കാരിന്‍റെ കയ്യിലുളളൂ . റവന്യൂ വകുപ്പ് വാങ്ങി ട്രഷറികളില്‍ എത്തിക്കുന്ന റവന്യൂ സ്റ്റാമ്പ് ആധാരമെഴുത്തുകാര്‍ വഴിയാണ് പൊതുജനങ്ങള്‍ക്ക് കിട്ടുന്നത്. മുമ്പ് പോസ്റ്റ് ഒാഫീസുകള്‍ വഴിയും ഇവ നല്‍കിയിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തുകയായിരുന്നു. നിലവിലിപ്പോള്‍ സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെ പക്കല്‍ റവന്യൂ സ്റ്റാമ്പില്ല. ഉളളവര്‍ ഇരട്ടി വിലയ്ക്കാണ് വില്‍ക്കുന്നതും. എന്നാല്‍ പുതുതായി സ്റ്റാമ്പ് എത്തുന്നില്ലെങ്കില്‍ ക്ഷാമം പരിഹരിക്കാന്‍ വേണ്ട സ്റ്റാമ്പുകള്‍ ഉണ്ടെന്നാണ് ട്രഷറി ഡയറക്ടര്‍ പറയുന്നത്.