പിണറായിയിലെ ഒരു കുടുബത്തിലെ നാലു പേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ച സംഭത്തില്‍ അറസ്റ്റിലായ സൗമ്യയില്‍നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. അച്ഛനെയും അമ്മയെയും മക്കളെയും കൊന്നത് ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തിയാണെന്നു സൗമ്യ പോലീസിനു മുന്നില്‍ സമ്മതിച്ചു. മകള്‍ക്കു ചോറിലും അച്ഛനു രസത്തിലും അമ്മയ്ക്കു മീന്‍ കറിയിയിലും വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നു സൗമ്യ പറഞ്ഞു.
ഭര്‍ത്താവുമായി അകന്നുകഴിയുന്ന തനിക്ക് വഴിവിട്ട ബന്ധങ്ങള്‍ക്ക് തടസമാകാതിരിക്കാനാണ് കൊല നടത്തിയതെന്നും കുറ്റസമ്മതത്തിലുണ്ട്. ഒരു കുട്ടിയുടേതു സ്വാഭാവിക മരണമാണെന്ന് സൗമ്യ പറയുന്നുണ്ടെങ്കിലും പോലീസ് അതു വിശ്വസിച്ചിട്ടില്ല. പലപ്പോഴും തന്റെ വഴിവിട്ട ബന്ധം മാതാപിതാക്കള്‍ ചോദ്യംചെയ്തിരുന്നതായും സൗമ്യ പറയുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി സൗമ്യ ക്രൈം ബ്രാഞ്ചിനോടു കുറ്റം സമ്മതിച്ചു. വിഷം ഉള്ളില്‍ചെന്നാണു മരണങ്ങള്‍.
പിടിവീഴുമെന്നറിഞ്ഞ സൗമ്യ ഇതേവിഷം കഴിച്ച് ആശുപത്രിയിലായതിനു പിന്നാലെയാണ് അറസ്റ്റ്. സൗമ്യയുമായി ബന്ധമുള്ള മൂന്നു യുവാക്കാള്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യുവാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അവിഹിതബന്ധത്തിനും സുഖജീവിതത്തിനും തടസം നിന്നതിനാല്‍ കുടുംബാംഗങ്ങളെ വകവരുത്തിയെത്താണു പോലീസിനോടു സൗമ്യയുടെ വെളിപ്പെടുത്തല്‍.കഴിഞ്ഞ ജനുവരി 21നാണ് ഐശ്വര്യയുടെ മരണം. മാര്‍ച്ച് ഏഴിനു കമലയും, ഏപ്രില്‍ 13ന് കുഞ്ഞിക്കണ്ണനും മരിച്ചു. അതേസമയം ആറുവര്‍ഷംമുമ്പു മരിച്ച കീര്‍ത്തനയുടെ മരണത്തില്‍ പങ്കില്ലെന്നാണു സൗമ്യയുടെ അവകാശവാദം.
തുടര്‍മരണങ്ങളില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ഐശ്വര്യയുടെയും മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇതില്‍ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹത്തില്‍ അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു തന്നെയാണ് സൗമ്യയും ചെറിയ അളവില്‍ കഴിച്ചതെന്ന് തെളിഞ്ഞതാണ് അറസ്റ്റില്‍ നിര്‍ണായകമായത്.
അതേസമയം സൗമ്യയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധവും കൂക്കുവിളിയേയും തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷാണ് ഒരുക്കിയിരുന്നത്.അറസ്റ്റിലായ സൗമ്യയെ കോടതിയില്‍ ഇന്ന് ഹാജരാക്കി. നാലുദിവസത്തേക്കു കൂടി ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ കോടതി അനുവദിച്ചു. പടന്നക്കരയിലെ വീട്ടിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. സൗമ്യയെ നാട്ടുകാര്‍ കൂക്കിവിളികളോടെയാണ് എതിരേറ്റത്. പ്രതിഷേധവുമായി നാട്ടുകാരുടെ വലിയനിരതന്നെ പടന്നയിലെ വീട്ടിനോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്നു. കേസില്‍ സൗമ്യയുമായി അടുത്ത് ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതരബന്ധങ്ങള്‍ക്ക് തടസം നിന്നതിനാലാണ് മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയതെന്നാണ് സൗമ്യ മൊഴി നല്‍കിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65), മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരാണ് എലിവിഷം ഉള്ളില്‍ ചെന്നു മരിച്ചത്.
സൗമ്യയുടെ അവിഹിത ബന്ധം, നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്‍കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഐശ്വര്യ മരിച്ചത്. സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. എലിവിഷമായി ഉപയോഗിക്കുന്ന അലുമിനിയം ഫോസ്‌ഫേറ്റിന്റെ അംശം ശരീരത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതാണ് പൊലീസിന് സംശയം ബലപ്പെടാന്‍ കാരണമായത്.
ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെയാണ് മാതാപിതാക്കളെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചത്. മാതാവ് കമലയ്ക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത് സ്വഭാവിക മരണമാണെന്നും സൗമ്യ മൊഴി നല്‍കി.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിലും അലൂമിനിയം ഫോസ്‌ഫേറ്റിന്റെ അംശം കണ്ടെത്തിയിരുന്നു.
കൊലപാതകങ്ങള്‍ക്കായി സൗമ്യയ്ക്ക് എലിവിഷം വാങ്ങി നല്‍കിയ ഓട്ടോറിക്ഷാ ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്തു. എലിവിഷം വാങ്ങി നല്‍കിയതല്ലാതെ ഇയ്യാള്‍ക്ക് കൊലപാതകങ്ങളുമായി ബന്ധമില്ലെന്നാണ് ഇയ്യാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി