ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പുവിന് ജോധ്പൂർ കോടതി മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. അസാറാമിന്റെ സഹായികളായ രണ്ട് പേർക്ക് 20 വർഷം തടവ് ശിക്ഷയും ലഭിച്ചു. മൂന്ന് പ്രതികളും ഒരു ലക്ഷം രൂപാ വീതം പിഴയും ഒടുക്കണം. സുരക്ഷ കണക്കിലെടുത്ത് ജഡ്ജി ജോധ്പൂർ സെൻട്രൽ ജയിലിലെത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇതിനായി ജയിലിൽ പ്രത്യേക കോടതി സജ്ജമാക്കിയിരുന്നു. വിധി കേട്ട അസാറാം ബാപ്പു പൊട്ടിക്കരഞ്ഞു. വിധി പ്രസ്താവത്തെ തുടർന്ന് രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
ഉത്തർപ്രദേശിലെ ഷഹജാൻപൂരിൽ നിന്നുള്ള കൗമാരക്കാരിയെ ജോധ്പൂരിനടുത്തുള്ള ആശ്രമത്തിലേക്ക് വിളിപ്പിച്ച് മാനഭംഗത്തിനിരയാക്കിയതായാണ് അസാറാം ബാപ്പുവിനെതിരായ കേസ്. മദ്ധ്യപ്രദേശിലെ ചിന്ത്വാരയിലെ ബാപ്പുവിന്റെ ആശ്രമത്തിലായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്. 2013 ആഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസാറാമിനും കുറ്റക്കാരായ മറ്റു നാലുപേർക്കുമെതിരെ 2013 നവംബർ ആറിന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
2013 ആഗസ്റ്റ് 31 മുതൽ ജയിലിൽ കഴിയുന്ന ബാപ്പുവിനെതിരെ പോക്സോ, ദളിത് പീഡന നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസെടുത്തത്. ഗുജറാത്തിലെ മറ്റൊരു മാനഭംഗക്കേസിലും അസാറാം ബാപ്പു വിചാരണ നേരിടുകയാണ്. ഇതുവരെ 12 ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും സുപ്രിംകോടതി ഉൾപ്പടെയുള്ള വിവിധ കോടതികളിലായി എല്ലാം തള്ളിപ്പോകുകയായിരുന്നു.