രാജ്യത്തിന്റെ വിവിധയിടങ്ങളിലെ എ.ടി.എമ്മുകളിൽ കറൻസി ക്ഷാമം തുടരുന്നതിനിടെ ബാങ്കുകളെ കുറ്റപ്പെടുത്തി ധനമന്ത്രി തോമസ് എെസക്. ജനങ്ങൾക്ക് ബാങ്കുകളോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പണമിടപാടുകൾ നടത്താതെ ജനങ്ങൾ പണം കെെയ്യിൽ തന്നെ സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ ദുർഭൂതം ഇപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2000 രൂപ നോട്ടുകൾ അപ്രത്യക്ഷമായെന്ന മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെ തോമസ് എെസക് പരിഹസിച്ചു. ക്യാഷ്ലെസ് ഇക്കണോമി സുവർണാവസരമായി ഈ നോട്ട് പ്രതിസന്ധിയെ കണക്കാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകൾ കാലിയായതോടെ രാജ്യം കടുത്ത കറൻസി ക്ഷാമത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കറൻസി ക്ഷാമം രൂക്ഷമായത്. രാജ്യതലസ്ഥാനമായ ഡൽഹിയിലും എ.ടി.എമ്മുകൾ കാലി-യാണെന്ന് റിപ്പോർട്ടുണ്ട്. ഉത്സവ സമയമായതിനാൽ ആളുകൾ കൂടുതൽ പണം പിൻവലിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രധനമന്ത്രാലയം റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം ഇക്കാര്യം പരിഹരിക്കുമെന്നാണ് റിസർവ് ബാങ്ക് വൃത്തങ്ങൾ നൽകുന്ന വിവരം.