Fri. Nov 20th, 2026

ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ പിച്ചിചീന്തപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീര്‍ഘമൗനത്തിലാണെന്ന നിശിത വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. എല്ലാക്കാര്യങ്ങള്‍ക്കും ട്വീറ്റ് ചെയ്യുകയും സ്വയം മികച്ച പ്രഭാഷകനെന്ന് കരുതുകയും ചെയ്യുന്ന മോദി ഇന്ത്യയില്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും വര്‍ഗീയ ശക്തികളാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

അദ്ദേത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ ആരോപണവിധേയരായിരിക്കുന്ന കേസിനെ അദ്ദേഹം അഭിസംബോധന ചെയ്തത് ‘ കഴിഞ്ഞ രണ്ടു ദിവസമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍’ എന്നാണ്. മോദിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പോടിന് ഒപ്പം നില്‍ക്കുന്നതോ അതേ വീക്ഷണകോണുള്ള ആളുകളോ ഉള്‍പ്പെട്ടിട്ടുള്ള മുന്‍ കേസുകളിലും മൗനം തന്നെയായിരുന്നു മോദിയുടെ നിലപാടെന്ന് പത്രം കുറ്റപ്പെടുത്തി.

മുന്‍ യുപിഎ സര്‍ക്കാര്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കാണിച്ച നിസംഗത എങ്ങനെ അവരെ ബാധിച്ചുവെന്നത് മോദി മറന്നു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. മറിച്ച് ദേശീയവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ്. സ്ത്രീകളെയും മുസ്ലീംങ്ങളെയും ദളിതുകളെയും ഭയപ്പെടുത്തി വരിധിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ടൈംസ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന സ്വതന്ത്ര മാധ്യമങ്ങള്‍ ഒഴികെയുള്ളവ എല്ലാം മോദി സ്തുതിയിലേക്ക് സ്വയം വഴിമാറിയ സാഹചര്യത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ ന്യൂയോര്‍ക്ക് ടൈംസ് മോദിക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിടുന്നത് എന്നത് ശ്രദ്ധേയമാണ്.