Fri. Nov 20th, 2026

ഗുജറാത്തിലെ വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ ജയ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. ഭാരത് ബന്ദിനിടെ സംഘപരിവാര്‍ പൊലീസ് ആക്രമണങ്ങളില്‍ 9 പേര്‍ കൊല്ലപ്പെട്ട രാജസ്ഥാനില്‍ ദളിത് റാലി സംഘടിപ്പിക്കാന്‍ എത്തിയതായിരുന്നു മേവാനി.ഇന്ത്യന്‍ ഭരണഘടനയേയും ബാബാ സാഹബ് അംബേദ്കറിനെയും കുറിച്ചു സംസാരിക്കാന്‍ പോയ തന്നെ വിമാനത്താവളത്തില്‍ വച്ചു തടഞ്ഞുവെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ നാഗോര്‍ ജില്ലയിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്ന ഉത്തരവില്‍ പൊലീസ് ഒപ്പുവയ്പ്പിച്ചുവെന്നും മേവാനി ട്വിറ്ററില്‍ കുറിച്ചു.

തന്നെ രാജസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അഹമ്മദാബാദിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിക്കുകയാണെന്നും മേവാനി പറഞ്ഞു. പത്ര സമ്മേളനം വിളിക്കാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ല. യാതൊരു രേഖയയുമില്ലാതെ തന്നെ തടഞ്ഞുവച്ച നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ജിഗ്നേഷ് മേവാനി ചൂണ്ടിക്കാട്ടി. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു.

റാലിക്കു നിശ്ചയിച്ചിരുന്ന നാഗോറിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിഷേധിച്ചതിനെ തുടര്‍ന്നാണു മേവാനിയെ തടഞ്ഞതെന്നു പൊലീസ് അറിയിച്ചു. നാഗോറിലാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടേക്കു പ്രവേശിക്കാന്‍ മേവാനിയെ അനുവദിക്കരുതെന്നു നിര്‍ദേശം ലഭിച്ചതനുസരിച്ചാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ഭാരത് ബന്ദിനു പിന്നാലെ കൊണ്ടുവന്ന നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ വാദം. അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.