Thu. Apr 18th, 2024

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്. പള്ളിയില്‍ വികാരിയായി ചുമതലയേല്‍ക്കാന്‍ എത്തിയ പുരോഹിതനെ പ്രതിഷേധക്കാര്‍ തടഞ്ഞു വച്ചു. പള്ളിയുടെ കാണിക്ക സ്വര്‍ണം വിറ്റതിനെ തുടര്‍ന്ന് നഷ്ടമായ പണം തിരികെ ലഭിക്കാതെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്

ഇന്ന് ചുമതലയേല്‍ക്കാന്‍ രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചത്. മണിക്കൂറുകളോളം പുരോഹിതിനെ ഇവര്‍ തടഞ്ഞുവച്ചിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചേക്കാലിന് മാത്രമാണ് കുര്‍ബാന ചൊല്ലാന്‍ സാധിച്ചത്. ബാക്കി കുര്‍ബാന ചൊല്ലാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.

പള്ളിയുടെ നഷ്ടമായ തുക തിരികെ കിട്ടണമെന്നാണ് പ്രതിഷേധകാരുടെ പ്രധാന ആവശ്യം. ഇതിനു പുറമെ തുക തട്ടിച്ചവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഇതു നടപ്പാകാതെ ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് വിശ്വാസികള്‍ അറിയിച്ചു. നേരെത്ത വികാരി മാത്യു മണവാളനെ മാറ്റി പ്രശ്‌നം അവസാനിപ്പിക്കാന്‍ രൂപത ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ആരോപണ വിധേയനായ പുരോഹിതിനെ നീക്കി പുതിയ ആളെ നിയോഗിച്ചത്. പക്ഷേ പള്ളിക്ക് നഷ്ടമായ പണം തിരികെ കിട്ടാതെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന നിലപാട് സ്വീകരിച്ച് വിശ്വാസികള്‍ രംഗത്ത് വന്നത് രൂപതാ നേതൃത്വത്തിന് തലവേദനയായി.