Tue. Apr 23rd, 2024

ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആഞ്ഞടിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചില ഡോക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഒ.പി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ ആക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടര്‍ക്ക് പുറമേ മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചുവെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒണ്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.40 മുതല്‍ വൈകുന്നേരം ആറു വരെയും എന്ന തരത്തില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്. ഇത് റൊട്ടേഷന്‍ വ്യവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ ജോലിഭാരം കൂടുന്നുവെന്ന ഡോക്ടര്‍മാരുടെ വാദത്തില്‍ കഴമ്പില്ലെന്നും ചില ഡോക്ടര്‍മാര്‍ക്ക് നാലര മണിക്കൂര്‍ പോലും ജോലി ചെയ്യാന്‍ മടിയാണെന്നും കെ.കെ ശൈലജ വിമര്‍ശിച്ചു.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒ.പി രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു വരെയാണ്. കാര്‍ഡിയോളജി പോലുള്ള സ്‌പെഷ്യാലിറ്റികള്‍ വൈകിട്ട് ആറു മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും രാത്രിയോടെയാണ് അവിടെ നിന്നും ഇറങ്ങുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്യുന്നുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്ന ഇത്തരം ഡോക്ടര്‍മാര്‍ ഉള്ളപ്പോഴാണ് നാലര മണിക്കൂര്‍ പോലും ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ മടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.