കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവ് ഭാര്യയുടെയും അഞ്ചു വയസുള്ള മകന്റെയും ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി. വകയാര്‍ കൊല്ലന്‍പടി ഗോകുലത്തില്‍ രതീഷിന്‍റെ ഭാര്യ രമ്യ(26), മകന്‍ അഭിജിത്ത് എന്നിവരെ ഗുരുതരാവസ്‌ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴിനായിരുന്നു സംഭവം. എണ്‍പതു ശതമാനത്തോളം പൊള്ളലേറ്റ രമ്യയെയും സാരമായി പരുക്കേറ്റ അഭിജിത്തിനെയും നാട്ടുകാര്‍ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊക്കാത്തോട് സ്വദേശിയായ രതീഷും കുടുംബവും കൊല്ലന്‍പടിയില്‍ വാടകയ്‌ക്കു താമസിച്ചുവരികയാണ്.
ഇന്നലെ രാത്രി ഏഴോടെ ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെട്രോള്‍ അഭിജിത്തിന്‍റെ വസ്‌ത്രങ്ങളിേലക്കും തെറിച്ചു വീഴുകയായിരുന്നു. തീ കൊളുത്തിയപ്പോള്‍ കുട്ടിക്കും പൊള്ളലേറ്റു. ബഹളം കേട്ട് ഓടിവന്ന സമീപവാസികള്‍ തുണി കൊണ്ട് പൊതിഞ്ഞാണ് ഇരുവരുടെയും ശരീരത്തിലെ തീയണച്ചത്.
രതീഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. രമ്യ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മകനെ കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റി. അമ്മാവനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് കഴിഞ്ഞയാഴ്‌ച രതീഷിനെതിരെ പരാതിവന്നിരുന്നെന്നു പോലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി അന്ന് കേസ് ഒഴിവാക്കുകയായിരുന്നു.