ബൈപാസ് വിരുദ്ധസമരം ശക്തിപ്പെടുത്താനൊരുങ്ങി ‘വയല്‍കിളികള്‍’. വിഷയത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് ആദ്യവാരം കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതിനായി ജില്ലകള്‍ തോറും സംഘാടകസമിതി വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. വയല്‍കിളികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം ബിജെപി കീഴാറ്റൂരില്‍ പരിപാടി സംഘടിപ്പിക്കുകയും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പങ്കെടുക്കുകയും ചെയ്തതത് വിവാദമായിരുന്നു. എന്നാല്‍ വിവാദത്തെ സുരേഷും ബിജെപിയും തള്ളിയിരുന്നു. ലോങ്മാര്‍ച്ചിന് എല്ലാവിധ പിന്തുണയും ബിജെപി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
വയല്‍കിളികള്‍ക്കെതിരായ നിലപാട് സ്വീകരിച്ച സിപിഎം രാഷ്ട്രീയവിശദീകരണ വിശദീകരണത്തിനായി കണ്ണൂരില്‍ ജാഥ നടത്തികൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കീഴാറ്റൂരില്‍ ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ ജാഥ.
സര്‍ക്കാര്‍ ബൈപാസ് അനുകൂല നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. വയല്‍കിളികളുടെ സമരത്തെ തള്ളുക മാത്രമല്ല മാവോയിസ്റ്റുകളാണ് സമരത്തിന്റെ പിന്നിലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. വയല്‍കിളികള്‍ക്ക് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും പിന്തുണ നല്‍കിയതിനാല്‍ കീഴാറ്റൂരില്‍ നിന്നും ലോങ് മാര്‍ച്ച് സംഘടിപ്പിച്ചാല്‍ ആ സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചേക്കും.