Fri. Mar 29th, 2024

കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് തള്ളി വി. മുരളീധരന്‍ എം.പി രംഗത്ത്. വസ്തുതകള്‍ പഠിക്കാതെയാകും കുമ്മനം ബില്ലിനെ അനുകൂലിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി അഴിമതിയെ അനുകൂലിക്കാനാകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് സാധുത നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. 2017 ജൂലൈ 12നാണ് കുമ്മനം, മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവം വിവാദമായതോടെയാണ് ബി.ജെ.പിയിലും രണ്ട് നിലപാടുകള്‍ വന്നിരിക്കുന്നത്.

ഓര്‍ഡിനന്‍സിനെച്ചൊല്ലി കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമായിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെയുള്ളവര്‍ ഓര്‍ഡിനന്‍സിന് അനുകൂലമാണ്. എന്നാല്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ ഓര്‍ഡിനന്‍സിനെ ശക്തമായി എതിര്‍ക്കുകയാണ്. ഓര്‍ഡിനന്‍സിന് പിന്നില്‍ അഴിമതിയുണ്ടെന്നും പ്രതിപക്ഷവും സംശയത്തിന്റെ നിഴലിലാണെന്നും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ പറഞ്ഞു.