Fri. Mar 29th, 2024

തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് സ്ഥലമാറ്റം. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം.വര്‍ക്കല ഭൂമികൈമാറ്റത്തില്‍ കലക്ടറുടെ ഇടപെടല്‍ വിവാദമായിരുന്നു. സംഭവത്തില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നല്‍കിയെന്നായിരുന്നു കലക്ടര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.

ഭൂമി പ്രശ്‌നത്തില്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തിയിരുന്നു. കേസില്‍ ദിവ്യയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്.വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള റോഡ് സൈഡിലുള്ള ഭൂമിയാണ് വിട്ടുകൊടുത്തത്.അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്.

സര്‍ക്കാര്‍ പുറമ്പോക്ക് കൈവശം വെച്ചുവെന്ന് കണ്ടെത്തി 2017 ജൂലൈ 19നാണ് വര്‍ക്കല തഹസില്‍ദാര്‍ എന്‍ രാജു 27 സെന്റ് സ്ഥലം തിരിച്ച് പിടിച്ചത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. ഇതിനെതിരെ സ്ഥലമുടമ ജെ.ലിജി ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ ഏകപക്ഷീയമായി തഹസില്‍ദാര്‍ നടപടിയെടുത്തുവെന്നായിരുന്നു പ്രധാന ആക്ഷേപം.

പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ ചുമതലപ്പെടുത്തി ജഡ്ജി പി ബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദം മാത്രം കേട്ട്, സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കലക്ടര്‍ ഉത്തരവിട്ടത്. താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി അളന്ന് തിരിച്ച് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ എതിര്‍റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കലക്ടറെ എതിര്‍കക്ഷിയാക്കിയിരുന്നില്ല. പിന്നീട് മറ്റൊരു അപേക്ഷ നല്‍കിയാണ് സബ്കലക്ടറെ കേസില്‍ ആറാം കക്ഷിയാക്കിയത്. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ വി ജോയി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയായിരുന്നു