വയനാട്ടിൽ സർക്കാർ ഭൂമി വിൽക്കാൻ ഭൂമാഫിയ ശ്രമിച്ച സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിലും മന്ത്രിയുടെ ഓഫീസിലും കിട്ടുന്ന എല്ലാ പരാതികളും നിവേദനങ്ങളും ജില്ലാതാലൂക്ക് ആസ്ഥാനങ്ങളിൽ തുടർനടപടികൾക്കായി അയയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെവിടെ നിന്നും വരുന്നവർ പാർട്ടി ആസ്ഥാനങ്ങളിൽ കയറാറുണ്ട്. സെക്രട്ടേറിയറ്റിലും മറ്റും കയറാനുളള പാസ് ഒപ്പിക്കാനും മറ്റുമായാണ് ഇങ്ങനെ വരുന്നത്. ഇതിൽ അസ്വഭാവികമായി ഒന്നുമില്ല. എതു രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
റിസോർട്ടിനായി 20 ഏക്കർ മിച്ചഭൂമി വിട്ടുകിട്ടാൻ വയനാട് ഡെപ്യൂട്ടി കളക്ടർ 10,000 രൂപ കൈക്കൂലി വാങ്ങിയ വിവരം ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് പുറത്ത് വിട്ടത്. സി.പി.ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയ്ക്കും ഭൂമി ഇടപാടിൽ പങ്കുള്ളതായി ചാനൽ വാർത്തയിൽ പറയുന്നു.