വയനാട്ടില്‍ തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഭൂമാഫിയ, ഭരണ കേന്ദ്രങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് തരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടനിലക്കാരന് വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ്, വയനാട് ഡപ്യൂട്ടി കളക്ടര്‍ സോമരാജന്, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര, എന്നിവര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ സഹായം നല്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്.
നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്കിയാല് മതി. ഇതിന് മുഖ്യകണ്ണിയായി നില്‍ക്കുന്നത് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ യുടെ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകരയാണ്. റവന്യൂ രേഖകള്‍ അട്ടിമറിച്ച് ചുവപ്പ് നാട എളുപ്പത്തില്‍ തുറന്ന് കൊടുക്കുന്നത് ഡപ്യൂട്ടി കള്കടര്‍ സോമരാജനാണ്.
ഇടനിലക്കാരന് കുഞ്ഞുമുഹമ്മദ് പറയുന്നത് സിപിഐയുടെ ജില്ലാ സെക്രട്ടറിക്ക് 10 ലക്ഷവും ഡപ്യൂട്ടി കളക്ടര്‍ സോമരാജന് പത്ത് ലക്ഷവും ഭൂമി തരപ്പെടുത്താന്‍ നല്‍കണമെന്നാണ്. വിജയന് ചെറുകരയിലേക്ക് എത്തുന്നത് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗത്തിന്റെ നിര്‍ദേശ പ്രകാരം. എല്ലാം ശരിയാക്കിത്തരാം, അനുമതി മുകളില്‍ നിന്ന് വരുന്നത് പോലെ ലഭ്യമാക്കണം എന്ന് ഡപ്യൂട്ടി കളക്ടര്‍ സോമരാജന് വ്യക്തമാക്കുന്നു.
വിജയന് ചെറുകരയെ വീട്ടില്‍ പോയി കാണുന്ന ആവശ്യക്കാരോട് തനിക്കുള്ള പണത്തിന്റെ കാര്യം പിന്നീട് പറയാമെന്നും, എങ്ങനെയൊക്കെ നീങ്ങണമെന്ന് താന്‍ പറഞ്ഞു തരാമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നു. എന്നെന്നേക്കുമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിന്നെയും പിന്നെയും ഓരോന്ന് കുത്തിപ്പൊക്കി വരുമെന്നും വിജയന് ചെറുകര പറയുന്നുണ്ട്. ഡപ്യൂട്ടി കള്കടറിനെ താന്‍ വിളിച്ചോളാമെന്ന് ജില്ലാ സെക്രട്ടറി പറയുന്നതും ഫോണ്‍ വിളിച്ച് കാര്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ആദ്യ ഗഡു എന്ന നിലയ്ക്ക് കുറച്ച് തുക ഡപ്യൂട്ടി കള്കടര്‍ വാങ്ങി കീശയില്‍ വയ്ക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയ സംഘം, റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ എംഎന്‍ സ്മാരകത്തില്‍ നിന്ന് അനുമതി തരപ്പെടുത്തിയ ശേഷം, മന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ട്. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിയുടെ ഓഫിസില്‍ നിന്ന് നാലരയേക്കര്‍ മിച്ച ഭൂമി തരപ്പെടുത്തി കൊടുത്ത് കൊണ്ടുള്ള അനുകൂല തീരുമാനം സര്‍ക്കാര്‍ വിധിയായി ലഭിച്ചതും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
ഏഷ്യാനെറ്റ് ന്യൂസിന്റെ വയനാട് റിപ്പോര്‍ട്ടര്‍ വേഷ പ്രച്ഛന്നനായി, റിസോര്‍ട്ട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ വന്ന ആളെന്ന നിലയ്ക്കാണ് ഇടനിലക്കാരനെ കാണുന്നത്. ഇടനിലക്കാരന് കുഞ്ഞുമുഹമ്മദ് നയിക്കുന്ന മാഫിയ സംഘം സിപിഐ വയനാട് ജില്ലാ സെക്രട്ടറി, ഡപ്യൂട്ടി കളക്ടര്‍, തുടങ്ങി തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകം, റവന്യൂ മന്ത്രിയുടെ ഓഫീസ് വരെ നീളുന്ന അഴിമതി നീക്കമാണ് പുറത്തു വന്നത്.