Thu. Mar 28th, 2024

വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയ്ക്കല്ല താനീ കാര്യം പറയുന്നത്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം വോട്ടര്‍ ഐഡികള്‍ ആധാറുമായി ബന്ധിപ്പിക്കണ്ട എന്നു തന്നെയാണ്- അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ പൊതുജനത്തെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന ആരോപണം ശരിയല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പറയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ എന്താണ് കഴിക്കുന്നതെന്നും, എന്താണ് കാണുന്നതെന്നും നിരീക്ഷിക്കുകയാണെന്ന്- രവി ശങ്കര്‍ പ്രസാദ് പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് പോര്‍ട്ടലുമായി രാജ്യത്തെ എല്ലാ ജനങ്ങളുടെയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. എന്നാല്‍ ആധാര്‍ ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. അതുകൊണ്ടുതന്നെ ആധാര്‍ വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതില്ല- മന്ത്രി പറയുന്നു.

അതേസമയം ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകതന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്കുവേണ്ടിയുള്ള ക്ഷേമ പദ്ധതികള്‍ സുതാര്യമാകണമെങ്കില്‍ ഇത് അത്യാവശ്യമാണ്. നരേന്ദ്ര മോദിയുടെയും മന്‍മോഹന്‍ സിംഗിന്റെയും ആധാര്‍ പദ്ധതികളില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്‍മോഹന്‍ സിംഗിന്റെ ആധാറിന് നിയമത്തിന്റെ പരിരക്ഷയില്ലായിരുന്നു. എന്നാല്‍ മോദിയുടെ ആധാറിന് നിയമത്തിന്റെ പരിരക്ഷയുണ്ട്. മാത്രമല്ല, മോദിയുടെ ആധാര്‍ പദ്ധതിയില്‍ സുരക്ഷയും സ്വകാര്യതയുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.