Mon. Aug 10th, 2026

പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വിവാഹം അടൂർ ഏനാത്ത് പൊലീസ് തടഞ്ഞു. പെൺകുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനേയും വരൻ പൂതങ്കര സ്വ​ദേശിയായ മുപ്പതുകാരനെയും അറസ്റ്റ് ചെയ്തു. വിവാഹം തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താനായിരുന്നു നീക്കം.

ഏഴ് മാസം മുൻപ് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹ നിശ്ചയവും മോതിരം കൈമാറലും നടത്തിയിരുന്നു. വരന്റെ ബന്ധുക്കളായ നാല്പതു പേർക്കും പെൺകുട്ടിയുടെ ബന്ധുക്കളായ 20 പേർക്കും ഗുരു​വാ​യൂരിലേക്ക് പോകാനായി ബസുകൾ ബുക്ക് ചെയ്തിരുന്നു. ക്ഷേത്രത്തിൽ വിവാഹം നടത്തുന്നതിന് ക്രമീകരണം ഒരുക്കിയിരുന്നതായും പങ്കെടുക്കാനെത്തുന്ന ബന്ധുക്കൾക്ക് താമസി​ക്കാൻ ലോഡ്ജ് ക്രമീകരിച്ചിരുന്നതായും സദ്യയ്ക്കായി അവിടെ 8000 രൂപ അഡ്വാൻസും നല്കിയിരു​ന്ന​തായും പൊലീസ് അറിയിച്ചു.

വിവാഹം കഴിക്കാനിരുന്ന യുവാവ് വിദേശത്ത് നിന്ന് കഴിഞ്ഞ മാസം പത്തിനാണ് നാട്ടിൽ എത്തിയത്. 17കാരിയുടെ വിവാഹം തിങ്കളാഴ്ച നടക്കുമെന്ന രഹസ്യവിവരത്തെ തുടർന്ന് ഏനാത്ത് എസ്.ഐ ഗോപകുമാർ ഇടപെട്ടാണ് ശൈശവ വിവാഹം തടഞ്ഞത്. പെൺകുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും വരനെയും ഞായറാഴ്ച പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരമാണ് മൂവർക്കുമെതിരെ പൊലീസ് കേ​സെടുത്തിരിക്കുന്നത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏല്പിച്ചു. ഇരുകൂട്ടരും ക്ഷണക്കത്ത് തയ്യാറാക്കി​യിരുന്നില്ല.