Fri. Apr 19th, 2024

കീഴാറ്റൂര്‍ വയല്‍കിളി സമരത്തില്‍ സിപിഎമ്മിനെതിരെ പരസ്യപ്രതികരണവുമായി വീണ്ടും സിപിഐ. സമരത്തിനെതിരെയുള്ള സിപിഎമ്മിന്റെ നിലപാട് ജനാധിപത്യവിരുദ്ധവും അപകടകരവുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍ പറഞ്ഞു. വയല്‍കിളികള്‍ക്കെതിരെ

സിപിഎം വാശി പിടിക്കുന്നതെന്ന് അറിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച സാഹചര്യത്തില്‍ പ്രതിരോധം തീര്‍ത്തത് ശരിയായില്ലെന്നും അദേഹം പറഞ്ഞു.

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളി പ്രവര്‍ത്തകരുടെ രണ്ടാംഘട്ട സമര പ്രഖ്യാപനം ഇന്ന് നടക്കും. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ ഉച്ചയ്ക്ക് ശേഷം തളിപ്പറമ്പില്‍നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തിയാണ് സമരം ആരംഭിക്കുന്നത്.

സമരത്തിന്റെ ഭാഗമായി ഉച്ചക്ക് രണ്ടിന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയര്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് കീഴാറ്റൂര്‍ വയലിലെത്തി സിപിഎം പ്രവര്‍ത്തകര്‍ അഗ്‌നിക്കിരയാക്കിയ സമരപ്പന്തല്‍ പുനഃസ്ഥാപിക്കും. സംസ്ഥാനകത്തും പുറത്തു നിന്നുമായി സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചാണ് മാര്‍ച്ച്.

മധ്യപ്രദേശിലെ മലയാളി സാമൂഹിക പ്രവര്‍ത്തക ദയാ ബായ്, കര്‍ണാടകയിലെ കര്‍ഷക സമര നേതാവ് അനുസൂയാമ്മ, പ്രഫ. സാറാ ജോസഫ്, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, പി.സി. ജോര്‍ജ് എംഎല്‍എ, സുരേഷ് ഗോപി എംപി, കെ.കെ. രമ, ഗ്രോ വാസു, എവൈവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുബൈര്‍, എം. ഗീതാനന്ദന്‍, മാഗ്ലിന്‍ പീറ്റര്‍, ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വയനാട്ടില്‍നിന്നു പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ മാര്‍ച്ചും ഇന്നു നടക്കും. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ മാത്രം നിരവധി പേര്‍ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്കു 12.30 ന് കണ്ണൂരിലെത്തുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ അതിഥികളെ സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നാരങ്ങാവെള്ളം നല്‍കി സ്വീകരിക്കും. .