കൊട്ടാരക്കര വെട്ടിക്കവല നടുക്കുന്ന് അയണിവേലിൽ വീട്ടിൽ വേണുഗോപാലപിള്ള (57), ഭാര്യ പ്രസന്നകുമാരി (50) എന്നിവരെ വീട്ടിലെ കുടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വേണുഗോപാലപിള്ളയുടെ മൃതദേഹം കട്ടിലിലും പ്രസന്നകുമാരി നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലുമായിരുന്നു. ഇന്നലെ രാവിലെ പാൽ വാങ്ങാനെത്തിയ അയൽവാസികൾ നേരം പുലർന്നിട്ടും ആരും എഴുന്നേൽക്കാത്തതിനെ തുടർന്ന് കതകിൽ മുട്ടിവിളിച്ചു. ശബ്ദം കേട്ട് ഇളയ മകൻ വരുൺ വി. ഗോപാൽ എഴുന്നേറ്റ് മാതാപിതാക്കളെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വരുൺ പുറത്തിറങ്ങി ജനൽ വഴി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അരുൺ വി. ഗോപാൽ ആണ് ഇവരുടെ മൂത്തമകൻ. മരുമകൾ: ആര്യ. അസ്വഭാവിക മരണത്തിനു കൊട്ടാരക്കര പൊലീസ് കേസെടുത്തു. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ.