ജയകുമാർ.എം.കെ.
ദലിത് യുവാവിനെ പ്രണയിച്ച ഈഴവ പെണ്ണിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തി; താലികെട്ടിന് കാത്തിരിക്കെ വിവാഹത്തലേന്ന് യുവതി കുത്തേറ്റുമരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍
“കേരളത്തിൽ ദുരഭിമാനക്കൊലയോ.? നമ്മുക്ക് ജാതിയില്ലാത്തതിൻറെ നൂറാം വർഷം ആഘോഷിച്ചുകഴിഞ്ഞ സാംസ്‌കാരിക പുരോഗമന കേരളത്തിലോ ?? ഇല്ലേയില്ല”. ( ഇനി ഉണ്ടെങ്കിലും നമ്മൾ അതു ആരെയും അറിയിക്കേണ്ട. നമ്മൾ നമ്പർ വണ്ണല്ലേ ഇന്ത്യയിൽ). “ഹോ ഈ സോഷ്യൽ മീഡിയക്കാരെ കൊണ്ട് തോറ്റു. ഇവർ ഇതെല്ലം ഒട്ടിച്ചു കേരളത്തെ നാറ്റിക്കും”.
“എന്നാലും ആ ദലിത് മച്ചാന് വേറെ ഒരു സ്വജാതി പെണ്ണിനെ കിട്ടിയില്ലേ പ്രേമിക്കാൻ. ആ അച്ഛൻറെ വേദനയും നമ്മൾ മനസ്സിലാക്കേണ്ട”. ദലിത് യുവാവ് ഇന്ത്യൻ ആർമിയിൽ ജോലിക്കാരൻ. പെണ്ണ് ലാബ് ടെക്‌നീഷ്യൻ. .ഓഹോ ആണോ. ഭാരത് മാത കീ ജയ്. (എങ്കിലും അവൻ.. ഛെ.)
“അതുശരി, അപ്പോൾ ജാതിയില്ല എന്ന് പറയുന്നത് ചുമ്മാതാണല്ലേ പുരോഗമനാ”.”ഹേയ്… ജാതിയൊന്നുമില്ല . പക്ഷെ ആ അച്ഛൻറെ വേദന” !!!”അതിനാ മലരേ ദുരഭിമാനം എന്ന് പറയണത്”.
(കേരളത്തിലാവുമ്പോൾ, അച്ഛൻറെയും ബന്ധുക്കളുടെയും വേദനയും, കേരളത്തിന് പുറത്ത് ദുരഭിമാനക്കൊലയും. ആഹാ പൊളിച്ച് )
കാമുകനുമായുള്ള താലികെട്ടിന് കാത്തിരിക്കെ വിവാഹത്തലേന്ന് യുവതി കുത്തേറ്റുമരിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനി ആതിര (21) കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛന്‍ രാജനാണ് അറസ്റ്റിലായത്. രാജന്റെ സമ്മതമില്ലാതെ ആതിര കാമുകനുമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തിനു പകരം ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താനിരിക്കെയാണു സംഭവം.
സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ് പറഞ്ഞു. പൂവത്തുങ്കണ്ടി രാജനാണ് സ്വന്തം മകള്‍ ആതിരയെ മദ്യലഹരിയില്‍ കുത്തിക്കൊന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ പുരോഗമിക്കുകയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മകള്‍ പട്ടിക ജാതിയില്‍ പെട്ട ഒരു യുവാവിനെ കല്യാണം കഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. ആതിര കൊയിലാണ്ടിയിലുള്ള ഒരു യുവാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം രാജന്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ തന്റെ പ്രണയബന്ധത്തില്‍ ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ പൊലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍ പൊലീസ് ഇടപെട്ടാണ് കല്യാണം നടത്താന്‍ തീരുമാനിച്ചത്. കല്യാണത്തിന് രാജന് പൂര്‍ണ്ണസമ്മതമുണ്ടായിരുന്നില്ല.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായ ആതിര മിലിട്ടറി ഉദ്യോഗസ്ഥനായ ബ്രിഗേഷുമായി പ്രണയത്തിലായിരുന്നു. ഓട്ടോ ഡ്രൈവറായ രാജന്‍ ഈ ബന്ധം അംഗീകരിക്കാതിരുന്നതോടെ ഇവര്‍ രജിസ്റ്റര്‍ വിവാഹം നടത്തി.
രാജന്‍ എതിര്‍പ്പ് തുടര്‍ന്നതോടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ അരീക്കോട് പോലീസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടന്നു. ബന്ധുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയ രാജന്‍, വിവാഹം ക്ഷേത്രസന്നിധിയില്‍ നന്നായി നടത്തിക്കൊടുക്കാമെന്നു സമ്മതിച്ചു. ആതിര സ്വന്തം വീട്ടിലേക്കു വരികയും ചെയ്തു. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ആതിര അന്നേ പറഞ്ഞിരുന്നതായി പറയപ്പെടുന്നു. ഇന്നലെ െവെകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ രാജന്‍ വീട്ടുകാരോടും ബന്ധുക്കളോടും തട്ടിക്കയറുകയും ആതിരയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ബഹളത്തിനൊടുവില്‍ വീട്ടിലെ കറിക്കത്തിയെടുത്താണ് മകളെ കുത്തിയത്. കുത്തേറ്റ ആതിര അയല്‍പക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. തുടര്‍ന്ന ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു.