Fri. Mar 29th, 2024

വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റത്തില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും കലക്ടര്‍ കെ. വാസുകിയും. ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്ന വിവാദത്തില്‍ സാഹചര്യം വിലയിരുത്തുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേതായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നിലപാട് കടുപ്പിച്ചതോടെ ഉത്തരവ് താല്‍ക്കാലികമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ സ്റ്റേ ചെയ്തു. പരാതി കമ്മീഷണര്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതുവരെയാണ് സ്റ്റേ.

അതേസമയം കോണ്‍ഗ്രസ്സ് എം.എല്‍.എ ശബരിനാഥും കുടുംബക്കാരുമാണ് വനിതാ സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ ‘കുഴിയില്‍’ ചാടിച്ചതെന്ന് ആക്ഷേപം. ഭര്‍ത്താവായ ശബരീനാഥ് എം.എല്‍.എ ഇടപെടാതെ ദിവ്യ ഇത്തരം നടപടിക്ക് കൂട്ടുനില്‍ക്കില്ലന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ഇത്തരം സമ്മര്‍ദ്ദങ്ങള്‍ വരുവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് നിലപാട് സ്വീകരിക്കാന്‍ ഐ.എ.എസു കാരിയായ ദിവ്യ എസ്. അയ്യര്‍ തയ്യാറാകേണ്ടതായിരുന്നുവെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ ഐ.എ.എസ് ലഭിച്ച ദിവ്യക്ക് ഇനിയും നീണ്ട സര്‍വ്വീസ് ബാക്കി നില്‍ക്കെ ഇപ്പോഴുണ്ടായ ആക്ഷേപം അവരുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതായി ഭാവിയിലും മാറുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.അതേ സമയം ഇപ്പോഴത്തെ സംഭവങ്ങളില്‍ സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ് വരാനുള്ള സാധ്യതയും വകുപ്പ് തല നടപടിക്കുള്ള സാധ്യതയും ഉണ്ടെന്നാണ് സൂചന.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല– പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയ നടപടിയാണു വിവാദമായത്. 27 സെന്റ് റോഡ് പുറമ്പോക്ക് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശംവച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു. പരാതിക്കാരന്‍ സബ് കളക്ടറുടെ ഭര്‍ത്താവും എം.എല്‍.എയുമായ ശബരിനാഥിന്റെ കുടുംബസുഹൃത്തുമാണ്.

ഭൂമി തട്ടിപ്പ് പുറത്തായതോടെ സിപിഎം ശക്തമായി സബ് കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. അതാണു വലിയ വിവാദങ്ങള്‍ക്കു വഴിവച്ചത്. ഇതിനിടെ, തന്നെയും ഭാര്യ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരെയും ഉന്നമിട്ടുള്ള വാര്‍ത്തകളിലും പരാതികളിലും പ്രതികരണവുമായി കെ.എസ്.ശബരീനാഥന്‍ എംഎല്‍എ രംഗത്തെത്തി. ഇതുസംബന്ധിച്ചു വര്‍ക്കല എംഎല്‍എ വി.ജോയ് നല്‍കിയ പരാതി ദുരൂഹമാണെന്നും ശബരീനാഥന്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചിട്ടുണ്ട്.