Sat. Nov 21st, 2026

ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം നിലനിൽക്കുന്ന കീഴാറ്റൂരിൽ സമരം നടത്തിവന്ന വയൽക്കിളികളുടെ സമരപ്പന്തലിന് തീ വച്ച സംഭവത്തിൽ 12 സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എ. ചന്ദ്രബാബു, ടി.വി. വിനോദ്, ഈച്ച രാജീവൻ, അശ്വിൻ, അർജുൻ, മിഥുൻ, പ്രകാശൻ, ശ്രീനിവാസൻ, ശ്രീകാന്ത്, ഗംഗാധരൻ, അനിൽ, പ്രതീഷ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പൊലീസ് സംഘം നോക്കി നിൽക്കെയായിരുന്നു സംഭവം.

ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ തളിപ്പറമ്പ് ടൗണിൽ റോഡ് വീതി കൂട്ടുന്നത് ഒഴിവാക്കാനാണ് കീഴാറ്റൂർ വയൽ വഴി ബൈപാസ് നിർമിക്കുന്നത്. വയൽ നികത്തുന്നതിനെതിരെ സി.പി.എം മുൻ പ്രാദേശിക നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണു പാർട്ടി അംഗങ്ങളും അനുഭാവികളും വയൽക്കിളി കൂട്ടായ്മ രൂപീകരിച്ച് സമരത്തിനിറങ്ങിയത്. സമരം പാർട്ടി വിരുദ്ധമാണെന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.

സെപ്തംബറിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുകയും ബി.ജെ.പിയും സി.പി.ഐയും അടക്കമുള്ള കക്ഷികൾ പിന്തുണയുമായെത്തുകയും ചെയ്തതിനെ തുടർന്നു പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തി. റോഡിന്റെ റൂട്ട് മാറ്റുന്നത് പരിഗണിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ സമരം നിറുത്തിയെങ്കിലും വയലിലൂടെ തന്നെ റോഡ് നിർമിക്കാൻ വിജ്ഞാപനമായ സാഹചര്യത്തിൽ വയൽക്കിളികൾ കഴിഞ്ഞ മാസം സമരം പുനരാരംഭിക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ദിവസം റോഡ് നിർമാണത്തിനെത്തിയ അധികൃതരെ തടഞ്ഞ സമരക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീപത്ത് തമ്പടിച്ചിരുന്ന സി.പി.എം പ്രവർത്തകർ സമരപ്പന്തൽ പൊളിച്ച് തീയിട്ടത്. അതേസമയം, വയൽ സംരക്ഷിക്കാനുള്ള സമരത്തിന്റെ മൂന്നാംഘട്ടം ഈ മാസം 25ന് തുടങ്ങുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.സമരപ്പന്തൽ വീണ്ടും കെട്ടിയുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.