Fri. Apr 19th, 2024

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഈ മാസം ആറു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. 457 ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും. സമരം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി ലംഘിച്ചാണ് സമരത്തിനിറങ്ങുന്നത്. സമരം വിലക്കിയ ഹൈക്കോടതി ഉത്തരവ് ശരിയായില്ലെന്നും ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങിയെന്ന് സംശയിക്കണമെന്നും നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ പറഞ്ഞു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം ഏഴു മാസമായിട്ടും നടപ്പാക്കിയിട്ടില്ലെന്നൂം നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റ് കൂട്ട നടപടിയെടുക്കുമ്പോള്‍ സര്‍ക്കാരും തൊഴില്‍ വകുപ്പും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ആരോപിച്ചു. ആശുപത്രിയിലെ എല്ലാ മേഖലയിലെയും നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കും. നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളം കിട്ടിയോ എന്നുപോലും ഹൈക്കോടതി ആരാഞ്ഞില്ല. മാനേജ്‌മെന്റിന്റെ വാദം അതേപടി അംഗീകരിക്കുകയാണ് ചെയ്തത്. നഴ്‌സുമാരുടെ വാദം കേള്‍ക്കാന്‍ പോലും തയ്യാറായില്ല.

മുന്‍പ് നഴ്‌സുമാരുടെ സമരത്തിന് ‘എസ്മ’ പ്രയോഗിക്കാന്‍ നിര്‍ദേശിച്ച ജഡ്ജി തന്നെയാണ് ഇന്നലെ സമരം നിരോധിച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. പല സ്വകാര്യ ആശുപത്രികളുമായും ജഡ്ജിമാര്‍ക്ക് ബന്ധമുണ്ട്. അതിന്റെ തെളിവുകള്‍ വൈകാതെ പുറത്തുവിടും. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ സമരം പൊളിക്കാന്‍ മാനേജ്‌മെന്റിന് ഒരു ജഡ്ജിയുടെ പിന്‍ബലമുണ്ടെന്നും ജാസ്മിന്‍ ഷാ ആരോപിച്ചു.