ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല. സ്‌പെഷ്യല്‍ ജഡ്ജ് സുനില്‍ റാണ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് ആറ് വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സി.ബി.ഐ കാര്‍ത്തിയെ കോടതിയില്‍ ഹാജരാക്കിയത്. സി.ബി.ഐ 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുവെങ്കിലും മാര്‍ച്ച് ആറ് വരെയാണ് കോടതി അനുദവിച്ചത്.
അഴിമതിക്കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തെ ഇന്നലെയാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്താന്‍ കോടതി അനുമതി നല്‍കി. രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതമാണ് അനുവദിച്ചത്. മരുന്നുകള്‍ എടുക്കാനും അനുമതി നല്‍കി. എന്നാല്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം അനുവദിച്ചില്ല. കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് കാര്‍ത്തി ചിദംബരത്തിന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സിംഗ്‌വി ആരോപിച്ചു.
പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ എന്ന മാധ്യമ സ്ഥാപനത്തിന് വേണ്ടി വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് കാര്‍ത്തി ചിദംബരം ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തിയെന്നാണ് കേസ്. ഷീന ബോറ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഐ.എന്‍.എക്‌സ് മീഡിയ ഉടമ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് കാര്‍ത്തിയെ കുടുക്കിയത്. 2007ല്‍ കാര്‍ത്തി ചിദംബരം വഴി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മൊഴി.
മൗറീഷ്യസില്‍ നിന്നു 4.62 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നതിന് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതിക്ക് വേണ്ടിയാണ് ഐ.എന്‍.എക്‌സ് മീഡിയ ധനമന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍ പിന്നീട് 10 രൂപയുടെ ഷെയര്‍ ഒന്നിന് 800 രൂപ വച്ച് വിറ്റ് കമ്പനി 305 കോടി രൂപ നേടിയെന്നാണ് ആരോപണം. ഇതിന് പ്രത്യുപകാരമായി കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിക്ക് 10 ലക്ഷം രൂപ നല്‍കിയതായും ഇന്ദ്രാണി മൊഴി നല്‍കിയിരുന്നു.
കാര്‍ത്തിക്കെതിരായ ആരോപണങ്ങളില്‍ സി.ബി.ഐ എടുത്ത കേസിലാണ് കാര്‍ത്തി ചിദംബരം കുടുങ്ങിയത്. കാര്‍ത്തി ചിദംബരം വഴി പി. ചിദംബരത്തേയും മുന്‍ യു.പി.എ സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സി.ബി.ഐയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.