അന്‍പതോളം ദളിത് സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ, വടയമ്പാടി ജാതിമതില്‍ വിരുദ്ധസമരത്തിന്റെ അടുത്ത ഘട്ടം സെക്രട്ടറിയേറ്റിലേക്ക്. മാര്‍ച്ച് 21ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ദളിത് സംഘടനകള്‍ സമരം സംഘടിപ്പിക്കും. ദളിത് നേതാവും വഡ്ഗാവ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.
ഭജനമഠം ക്ഷേത്രമൈതാനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നേടിയ പട്ടയം വ്യാജമാണെന്നും ഇത് റദ്ദ് ചെയ്യണമെന്നതുമാണ് പ്രധാനപ്പെട്ട ആവശ്യം. ഒപ്പം കേരളത്തിലെ സമാന ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ സമരങ്ങളേയും ഒരുകുട കീഴിലേക്ക് കൊണ്ടുവരാനാണ് ദളിത് സംഘടനകള്‍ ഉദ്ദേശിക്കുന്നത്.
ദളിത് ഭൂഅവകാശ സമിതിയും വടയമ്പാടി സമരസഹായ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭപരിപാടിയില്‍ അന്‍പതോളം ദളിത് സംഘടനകള്‍ പങ്കെടുക്കും. ചേരമ സാംബവ സര്‍വ്വീസ് സൊസൈറ്റിയും ബിഎസ്പിയും അടക്കമുള്ള ദളിത് ബഹുജന്‍ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്.
അതോടൊപ്പം ഇന്ത്യന്‍ ദളിത് ഫെഡറേഷന്, ദ്രാവിഡ വര്‍ഗ ഐക്യ മുന്നണി, സിപിഎംഎല്‍( ലിബറേഷന്‍, റെഡ് ഫ്ളാഗ്, റെഡ് സ്റ്റാര്‍), ഭാരതീയ പട്ടിക ജാതി ജനസമൂഹം, എന്സിഎച്ച്ആര്എം തുടങ്ങി നിരവധി ദളിത് സംഘടനകള്‍ സമരരംഗത്തുണ്ടാകും.
ലക്ഷക്കണക്കിന് ദളിരെ പങ്കെടുപ്പിച്ചുകൊണ്ട് ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് പ്രക്ഷോഭത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവാണ് ജിഗ്നേഷ് മേവാനി. ഫെബ്രുവരി എട്ടാം തീയ്യതി വടയമ്പാടിക്കടുത്ത്, ചൂണ്ടിക്കവലയില്‍ ദളിത് സംഘടനകള്‍ നടത്താനിരുന്ന ആത്മാഭിമാന കണ്‍വെന്‍ഷനെതിരെ പൊലീസ് ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ച് ജിഗ്നേഷ് കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.
ഹിന്ദുത്വ ശക്തികളുമായുളള കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ അവിശുദ്ധ ബാന്ധവത്തെ രാജ്യത്തെ എല്ലാ ദളിത്, ഇടതുപക്ഷ ശക്തികളും എതിര്‍ക്കുകയും അപലപിക്കുകയും വേണമെന്ന് ജിഗ്നേഷ് ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി എട്ടിന് ചൂണ്ടിയില്‍ നടന്ന ആത്മാഭിമാന കണ്‍വെന്‍ഷനു നേരേ പൊലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സമരക്കാര്‍ക്കെതിരെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു.