Sat. Nov 21st, 2026

പ്രമുഖ സിനിമാ താരം ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇത് കൂടാതെ രക്തത്തിൽ മദ്യത്തിന്റെ അംശമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. ഇതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള തടസം നീങ്ങി. ഇനി രണ്ട് മണിക്കൂറിനകം ശ്രീദേവിയുടെ മൃതദേഹം സോനാപ്പൂരിലെ എംബാം കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും രാത്രി 11 മണിയോടെ മൃതദേഹം സ്വകാര്യ ജെറ്റ് വിമാനത്തിൽ മുംബയിലേക്ക് കൊണ്ട്പോകും.

കഴിഞ്ഞ ദിവസമാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബിൽ ശ്രീദേവിയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.എന്നാൽ ശ്രീദേവിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ മുമ്പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. തുടർന്നാണ് എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാൽ മതിയെന്ന് തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. തുടർന്നാണ് ശ്രീദേവി ബാത്ത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്ന് വെളിപ്പെട്ടത്.

അതേസമയം, ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതോടെ ദുബായ് പൊലീസ് കേസെടുക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ സംശയമുനയിൽ നിൽക്കുന്നവർക്ക് നാട്ടിലേക്ക് തിരിക്കുന്നതിന് തടസമുണ്ടാകും.

അതിനിടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറിനെ ദുബായ് പോലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു എന്നും റിപ്പോർട്ട് ഉണ്ട്.ശ്രീദേവിയുടെ മകളേയും ചോദ്യം ചെയ്യുന്നുണ്ട്. ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടലിലെ ഇരുപത് ജീവനക്കാരെയും ദുബായ് പോലീസ് ചോദ്യം ചെയ്തു. അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂര്‍ പെട്ടന്ന് ദുബായിലേക്ക് മടങ്ങി എത്തിയതാണ് പോലീസിന്റെ സംശയത്തിന്റെ കാരണം. സര്‍പ്രൈസ് ഡിന്നര്‍ നല്‍കി ശ്രീദേവിയെ അമ്പരപ്പിക്കുന്നതിന് വേണ്ടിയാണ് മടങ്ങി എത്തിയതെന്നാണ് ബോണി കപൂര്‍ പോലീസിന് നല്‍കിയ മറുപടി.

ദുബായില്‍ സ്ഥിരതാമസമാക്കിയ ശ്രീദേവിയുടെ സഹോദരി ശ്രീലതയേയും പോലീസ് ചോദ്യം ചെയ്തു. ശ്രീദേവിയും ബോണി കപൂറും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രീലത പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. അതിനിടെ ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫേറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മദ്യലഹരിയില്‍ ശ്രീദേവി ബാത്ത് ടബിലേക്ക് വീഴുകയും മുങ്ങി മരിക്കുകയുമായിരുന്നെന്ന് പോലീസിനെ ഉദ്ധരിച്ച് ദുബായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.