യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനു മുന്‍പില്‍ ഹാജരായി. തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവരാണു മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു.
ഇവരുടെ സുഹൃത്ത് ശ്രീജിത്തിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീജിത്തില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. സിപിഎം പ്രവര്‍ത്തകര്‍ നേരിട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയതോടെ പാര്‍ട്ടി പ്രതിരോധത്തില്‍ ആയി. നേരത്തെ പാര്‍ട്ടിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണു മൂന്നു പേരും. ഇവര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല എന്നാണു സൂചന. അതേസമയം, കൊലപാതകം നടന്ന് ആറു ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് നാളെ മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ, സിപിഎം നേതൃത്വം ഡമ്മി പ്രതികളെ ഇറക്കിയതാണെന്നും ആരോപണമുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നാളെ രാവിലെ മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. സംഭവത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം സമരങ്ങള്‍ ശക്തമാക്കി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചിട്ടുണ്ട്.