Sun. Nov 22nd, 2026

ഇടതുസര്‍ക്കാരിന്റെ രാഷ്ട്രീയകൊലപാതകത്തെ രൂക്ഷമായി വിമര്‍ശിച്ച് മനോരമാ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകറിന്റെ ലേഖനം. കണ്ണൂരിനെ ചോരക്കളമാക്കുന്നവര്‍ അറിയാന്‍ എന്ന തലവാചകത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അക്കമിട്ടു പറയുന്നുമുണ്ട്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ടശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ഷാനി ലേഖനമെഴുതിയിരിക്കുന്നത്. ജനാധിപത്യ മൂല്യത്തോടെ അധികാരത്തില്‍ കയറിയ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് ചോരക്കറപുരണ്ട രാഷ്ട്രീയമാണെന്നും ഷാനി ലേഖനത്തില്‍ പറയുന്നു.

കൊലപാതക രാഷ്ട്രീയത്തിലൂടെ തലകള്‍ അരിയുമ്പോള്‍ ഇല്ലാതാകുന്നത് തലമുറകള്‍ ആര്‍ജിച്ചെടുത്ത രാഷ്ട്രീയ മൂല്യമാണെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കാന്‍ സി.പി.ഐ.എം തന്നെ ആയുധമെറിഞ്ഞു നല്‍കുന്നു എന്നും ഷാനി ലേഖനത്തില്‍ പറയുന്നു. അക്രമണ രാഷ്ട്രീയത്തിന്റെ ഗന്ധമറിയാത്ത ഒരു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അരുംകൊല ചെയ്തത് സി.പി.ഐ.എമ്മിന് ഭൂഷണമായതല്ലെന്നും ഷാനി വിമര്‍ശിക്കുന്നു.

കണ്ണൂരിനെ ചോരക്കളമാക്കിയ സമീപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്ന മൗനത്തിന് എന്താണ് അര്‍ഥമെന്നും ഷാനി ചോദിക്കുന്നുണ്ട്. ഹൈദ്രാബാദില്‍ നിന്നും ഒരു പാട്ടിനെതിരെ കൊടുത്ത പരാതിയില്‍വൃണിതഹൃദയനായി പ്രതികരിച്ച പിണറായിക്ക് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നും ലേഖനം പറയുന്നു.
സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെുമ്പോള്‍ കണക്കുപറഞ്ഞു കൊല്ലുന്ന പാര്‍ട്ടിക്ക് ഇതില്‍ എന്ത് ന്യായമാണ് പറയാന്‍ കഴിയുന്നതെന്നും ലേഖനം വിവരിക്കുന്നു.