Sat. Nov 21st, 2026

സമരം ഒത്തു തീര്‍പ്പാക്കാന്‍, നേഴ്‌സിങ് നേതാവ് ജാസ്മിന്‍ഷ ആശുപത്രി മാനേജുമെന്റില്‍ നിന്നും പൈസ വാങ്ങി എന്ന ആരോപണം ഉന്നയിച്ച ആശുപത്രി മാനേജുമെന്റിനെ, ആരോപണം തെളിയിക്കാന്‍ പരസ്യമായി വെല്ലുവിളിച്ച് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ.

ആശുപത്രി ആരോപണം തെളിയിച്ചാല്‍ യു എന്‍ എ എന്ന പ്രസ്ഥാനം പോലും പിരിച്ചു വിടാമെന്ന് അദ്ദേഹം വെല്ലു വിളിച്ചു. കുറെ കാലമായി മാനേജുമെന്റും അവരെ സഹായിക്കുന്ന ചില മാധ്യമങ്ങളും പഠിച്ച പണി പതിനെട്ടും നോക്കുകയാണ് യു എന്‍ എ യെ തകര്‍ക്കാന്‍. ഫ്‌ളക്‌സ് അടിച്ചും നോട്ടീസും മാഗസിനും വിതരണം ചെയ്തുമൊക്കെ പലവട്ടം മാനേജുമെന്റുകള്‍ ശ്രമിച്ചിട്ടും നേഴ്‌സിങ് സമൂഹത്തിനിടയില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ ഈ ആരോപണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല ജാസ്മിന്‍ഷാ പറഞ്ഞു.

എവിടെ സമരം ഉണ്ടായാലും അവര്‍ ഈ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കും. എനിക്ക് ഓഡി കാറും ബിഎംഡബ്ലിയു കാറും സ്വന്തമായുണ്ടെന്നും എനിക്ക് ഗള്‍ഫില്‍ (സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രി) ആശുപത്രി ഉണ്ടെന്നും ഓക്കേ ഈ മഹാന്മാര്‍ പ്രചാരണം അഴിച്ചു വിടുന്നുണ്ട്. ഈ പറയുന്ന ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ അവര്‍ക്ക് കഴിയുന്നതല്ല. തെളിവിനെക്കാള്‍ നുണകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുക എന്നതാണ് മാനേജുമെന്റ് അസോസിയേഷന്‍ നിലപാട് അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ തല ഉയര്‍ത്തിയാണ് മാനേജുമെന്റുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത്. എവിടെ നിന്നെങ്കിലും ഇവരുടെ അച്ചാരവും ഔദാര്യവും പറ്റിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കത് സാധിക്കുമോ..? അദ്ദേഹം ചോദിച്ചു.നുണ നൂറു വട്ടം പറഞ്ഞു സത്യമാക്കാം എന്ന ഗീബല്‍സിയന്‍ സിദ്ധാന്തം നടപ്പിലാക്കാനുള്ള ശ്രമമാണ് മാനേജുമെന്റിന്റെ പി ആര്‍ വര്‍ക്ക് ചെയ്യുന്നവര്‍ ഇവിടെ ശ്രമിക്കുന്നത്. പക്ഷെ അവര്‍ക്ക് എത്രകാലം ശ്രമിച്ചാലും നിരാശപ്പെടാന്‍ മാത്രമാകും കഴിയുക, ജാസ്മിന്‍ഷാ കൂട്ടി ചേര്‍ത്തു.

ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പതിനായിരക്കണക്കിനു നേഴ്‌സുമാരുടെ മാസ വരി സംഖ്യയും അകമഴിഞ്ഞ സഹായവും ഉണ്ട് . അത് മതി. അതില്ലാതാക്കാന്‍ ഒരു ഗൂഢ ശക്തികള്‍ക്കും കഴിയില്ല.

എനിക്കെതിരെയും യു എന്‍ എ ക്കെതിരെയും അന്വേഷണം നടത്താന്‍ ആണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഏതു അന്വേഷണത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കള്ള പണം വെളുപ്പിക്കുന്നതും നികുതി വെട്ടിക്കുന്നതും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പരത്തുന്നതും രോഗികളെ കൊള്ളയടിക്കുന്നതും ആരോപണം ഉന്നയിക്കുന്ന മാനേജുമെന്റുകളില്‍ ചിലര്‍ തന്നെയാണ്. അധികം വൈകാതെ ഈ സത്യങ്ങള്‍ പുറം ലോകം അറിയുക തന്നെ ചെയ്യും. അന്യായമായ ഒരു ആവശ്യത്തിനും നാളിതു വരെ യു എന്‍ എ സമരം ചെയ്തിട്ടില്ല, പക്ഷെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എത്ര നാള്‍ സമരം ചെയ്യാനും ആര്‍ക്കെതിരെ സമരം ചെയ്യാനും യുഎന്‍എ ഭയക്കുകയുമില്ല അദ്ധേഹം പറഞ്ഞു.

മാനേജുമെന്റിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാതെ അസത്യ പ്രചാരണം നടത്തുന്ന മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളും വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.