Sat. Nov 21st, 2026

നിലയ്ക്കൽ ഗോശാലയിൽ പശുക്കൾ പട്ടിണി മൂലം ചത്തുവീണ സംഭവത്തിൽ ദേവസ്വം, മൃഗസംരക്ഷണ വകുപ്പുകൾ ഇടപെട്ടു.

പശുക്കൾ ചത്തുവീഴുന്ന സംഭവത്തെക്കുറിച്ചുള്ള വാർത്തയെ തുടർന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേവസ്വം ബോർഡ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പശുക്കൾക്ക് ആവശ്യമായ ചികിത്സ നൽകാനും സംഭവത്തെപ്പറ്റി റിപ്പോർട്ട് നൽകാനും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി

ദേവസ്വം ബോർഡിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ ഗോശാല സന്ദർശിച്ചു. നിലവിലുള്ള പശുക്കളുടെയും ചത്തതിന്റെയും കണക്കെടുത്തു. ചത്തവയെ കുഴിച്ചിട്ട സ്ഥലങ്ങൾ പരിശോധിച്ചു. ഗോശാലയുടെ സ്ഥിതിയും വിലയിരുത്തി.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ വെറ്ററിനറി വിഭാഗം പി.ആർ.ഒ ഡോ. എം. മാത്യുവിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ആറംഗ സംഘം ഇന്നലെ ഗോശാലയിലെത്തി. അസുഖം ബാധിച്ച പശുക്കൾക്ക് മരുന്നുകൾ കുത്തിവച്ചു. രക്തസാമ്പിളുകൾ ജില്ലാ ലാബിൽ പരിശോധനയ്ക്കയച്ചു. മൂന്നു പശുക്കളുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി. തുറന്നു വിട്ട പശുക്കളുടെ ആരോഗ്യാവസ്ഥ അവ മേഞ്ഞു നടന്ന സ്ഥലങ്ങളിൽ പോയി മെഡിക്കൽ സംഘം വിലയിരുത്തി. ഗോശാലയിൽ ഒരു മാസത്തേക്കുള്ള തീറ്റ എത്തിച്ചിട്ടുണ്ടെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.

കമ്മിഷണർ നേരിട്ട് അന്വേഷിക്കും

നിലയ്ക്കൽ ഗോശാലയിൽ നിരവധി പശുക്കൾ ചത്തുവീണതു സംബന്ധിച്ച കേ‌രളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിനെ ചുമതലപ്പെടുത്തി. ഇന്നലെ ചേർന്ന ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കമ്മിഷണർ നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകണം. അസുഖബാധിത പശുക്കളെ ചികിത്സിക്കാൻ വെറ്ററിനറി ഡോക്ടറെ നിയമിക്കും. ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ടുകൾ കണ്ടു. മിണ്ടാപ്രാണികൾക്കുണ്ടായ ദുരന്തത്തിൽ ദുഃഖമുണ്ട്. അടിയന്തര നടപടികളുണ്ടാവും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

വളർത്തു മൃഗങ്ങളോടു ക്രൂരത കാട്ടുന്നത് അനുവദിക്കാനാവില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ മൃഗസംരക്ഷണ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വും പ്രതികരിച്ചു.