രാജ്യത്ത് നിലനിൽക്കുന്ന വർഗീയതയ്ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിനെ തുടർന്ന് കന്നട പത്രത്തിൽ താൻ എഴുതിയിരുന്ന കോളം മുന്നറിയിപ്പില്ലാതെ നിർത്തിയതായി നടൻ പ്രകാശ് രാജ് അറിയിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നാലെ പ്രകാശ് രാജ് തീവ്ര വർഗീയ പാർട്ടികൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തന്റെ കോളം എഴുത്ത് മുന്നറിയിപ്പ് ഇല്ലാതെ നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ആരോപണം ഉന്നയിച്ചത്.
സർജിക്കൽ സ്ട്രൈക്ക് എന്ന പേരിൽ കന്നഡ പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന കോളം മുന്നറിയിപ്പില്ലാതെ നിർത്തി. പ്രിയപ്പെട്ട അദൃശ്യകരങ്ങളെ നിങ്ങളെ കാണാനാകില്ലെന്ന് കരുതിയോ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വർഗീയ രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ച വ്യക്തിയാണ് പ്രകാശ് രാജ്. കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുന്ന മൗനത്തെ വിമർശിച്ചാണ് അദ്ദേഹം പ്രതികരണത്തിന് തുടക്കമിട്ടത്. മോദി തന്നെക്കാൾ മികച്ച നടനാണെന്നും തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്കാരങ്ങൾക്ക് മോദിയാണ് കൂടുതൽ അർഹനെന്നും പ്രകാശ് രാജ് പരിഹസിച്ചു.

