നിയമ സെക്രട്ടറി അറിയാതെ സ്പെഷ്യൽ സെക്രട്ടറിയുടെ ഉപദേശ പ്രകാരം കൊണ്ടുവന്ന നിയമ ഭേദഗതി ഓർഡിനൻസ് വിദ്യാഭ്യാസ വകുപ്പിനും കേരള സർവകലാശാലയ്ക്കും കുരുക്കായി. ഉടനടി പ്രാബല്യത്തിലാവുന്ന തരത്തിൽ ഗവർണർ ഒപ്പിട്ട് ഓർഡിനൻസ് പുറത്തിറക്കിയതോടെ സെനറ്റും സിൻഡിക്കേറ്റും അസാധുവായി . സിൻഡിക്കേറ്റിലേക്ക് ആറ് പേരെ നോമിനേറ്റ് ചെയ്യാനോ, ബഡ്ജറ്റ് പാസാക്കാനടക്കം സെനറ്റിന്റെ അധികാരം സിൻഡിക്കേറ്റിന് നൽകി ഉത്തരവിറക്കാനോ വിദ്യാഭ്യാസ വകുപ്പ് ഇനിയും തയ്യാറായിട്ടില്ല.പ്രതിസന്ധി രൂക്ഷമായതോടെ ,ഈമാസം അവസാനം നടത്താനിരുന്ന സിൻഡിക്കേറ്റ് യോഗം ഒഴിവാക്കി.
മേയ് 16വരെ കാലാവധിയുണ്ടായിരുന്ന സെനറ്റും സിൻഡിക്കേറ്റും ഇല്ലാതായെങ്കിലും, സിൻഡിക്കേറ്റ് അംഗങ്ങളുടെയും ഉപസമിതികളുടെയും നിരവധി ഔദ്യോഗിക ശുപാർശകളാണ് വൈസ്ചാൻസലർക്ക് ലഭിക്കുന്നത്. പ്രത്യേക സിൻഡിക്കേറ്റും ഉപസമിതി യോഗങ്ങളും വിളിക്കണമെന്ന അംഗങ്ങളുടെ ശുപാർശ അംഗീകരിക്കാനാവുമോയെന്ന് വി.സി നിയമോപദേശം തേടിയിട്ടുണ്ട്. ഇത് വൈകിയാൽ ബിരുദ ദാനവും പരീക്ഷാപേപ്പർ പർച്ചേസുമടക്കം പ്രതിസന്ധിയിലാവും.
നാല് വർഷത്തിലൊരിക്കൽ പുന:സംഘടിപ്പിക്കണമെന്ന് ഓർഡിനൻസിലുള്ളതിനാൽ സെനറ്റ് അസാധുവാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. എന്നാൽ, സെനറ്റിലെ എല്ലാ അംഗങ്ങൾക്കും നാല് വർഷമല്ല കാലാവധി. ട്രേഡ്യൂണിയൻ പ്രതിനിധിക്ക് നാലും, വകുപ്പുമേധാവിക്ക് രണ്ടും വർഷവും വിദ്യാർത്ഥി പ്രതിനിധിക്ക് ഒരു വർഷവുമാണ് കാലാവധി. സെനറ്റിൽ മാനേജർമാരുടെ നാല് പ്രതിനിധികളിൽ മൂന്ന് പേർ ഒഴിവാക്കപ്പെട്ടു.
സെനറ്റിൽ നിന്ന് സിൻഡിക്കേറ്റിലേക്ക് 13 പേരെ തിരഞ്ഞെടുത്തിരുന്നത് 12ആയി കുറഞ്ഞു. സെനറ്റിലെ ഏഴ് പ്രിൻസിപ്പൽമാരിൽ മൂന്ന് പേർ ഗവ.കോളേജുകളിൽ നിന്നും മൂന്ന് പേർ എയ്ഡഡ് കോളേജുകളിൽ നിന്നും ഒരാൾ അൺഎയ്ഡഡ് കോളേജിൽ നിന്നുമാവണം. നിലവിൽ ഇത് പ്രിൻസിപ്പൽമാരുടെ പൊതുമണ്ഡലമാണ്. ഭേദഗതി പ്രകാരം ആരെ ഒഴിവാക്കുമെന്നത് സർക്കാരിന് കീറാമുട്ടിയായി മാറും.
2014ൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ എക്സ്ഒഫിഷ്യോ അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യപ്പെട്ടവരെയും ഉൾപ്പെടുത്തി താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാൻ സർക്കാർ ഉത്തരവിറക്കി. സെനറ്റിൽ 15എക്സ്ഒഫിഷ്യോ അംഗങ്ങളും ഒരു ആജീവനാന്ത അംഗവും ആറ് നോമിനേറ്റഡ് അംഗങ്ങളുമുണ്ട്. സിൻഡിക്കേറ്റിൽ അഞ്ച് എക്സ്ഒഫിഷ്യോ അംഗങ്ങളും ആറ് നോമിനേറ്റഡ് അംഗങ്ങളും വി.സിയുമടക്കം 12പേരുണ്ട്. രണ്ട് സമിതികളും ഇതേ രീതിയിൽ തുടരാൻ അനുവദിച്ച് ഉത്തരവിറക്കുക മാത്രമാണ് പോംവഴി.

