Tue. Mar 19th, 2024

റോയി മാത്യു

സുരേഷ്‌ഗോപിയുടെ അടുത്ത ജന്മത്തിലെ ബ്രാഹ്മണ ജനനത്തിന്റെ പേരിൽ ഉറഞ്ഞുതുള്ളിയവരോട് ഒരു ചോദ്യം. സുരേഷ്‌ഗോപി പക്കാ സന്ഘിയല്ലേ? അങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാൻ ഉള്ളൂ. പക്ഷെ സഖാക്കൾ പറയുന്ന ബ്രാഹ്മണ ശാപം ഫാസിസത്തിന്റെ കടന്ന് കേറ്റമാണോ സഖാവേ? വൈരുധ്യാത്മക ഭൗതിക വാദത്തിൽ ബ്രാഹ്മണ ശാപത്തിന് എന്ത് പ്രസക്തി?

മൂന്ന് പൊളപ്പൻ സഖാക്കൾ ചേർന്ന് ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ ചേർന്ന് ഒരേ ശാപം ചൊരിയൽ. ” അഴിമതിയുടെ കാര്യത്തിൽ ദേവസ്വം ബോർഡ് മുൻ ഭാരവാഹികൾ ബ്രാഹ്മണ ശാപം ഏൽക്കാതെ നോക്കണ മെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എപത്മകുമാർ, അംഗങ്ങളായ കെ രാഘവൻ, കെ.പി.ശങ്കര ദാസ് എന്നിവർ പറഞ്ഞു “(മനോരമ 25 ഡിസം/2017)

സവർണ മേധാവിത്തത്തിനെതിരെ പോരാടിയ പ്രസ്ഥാനമെന്നൊക്കെ സദാ വായ്ത്താരി മുഴക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മൂന്ന് യോഗ്യന്മാരാണ് ബ്രാഹ്മണ ശാപത്തെ ക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത്. ദേവസ്വം മന്ത്രി ഗുരുവായൂരമ്പലനടയിൽ ഒന്ന് തൊഴുതു പോയത് ജാഗ്രതക്കുറവാണെന്ന് നിരീക്ഷിച്ച സി പി എം സംസ്ഥാന സമിതി ബ്രാഹ്മണ ശാപത്തെ ക്കുറിച്ചുള്ള ഉത്കണ്ഠയെ എങ്ങനെ വിലയിരുത്തും?

മാർക്സിയൻ തത്വശാസ്ത്രത്തിൽ ബ്രാഹ്മണ ശാപത്തെക്കുറിച്ച് വല്ല വിലയിരുത്തലും നടത്തിയിട്ടുണ്ടോ? ചോരച്ചാലുകൾ നീന്തിക്കേറിയ സഖാക്കൾ ഇപ്പോൾ ബ്രാഹ്മണ ശാപത്തിന്റെ വരും വരായ്കളെക്കുറിച്ച് വാഴ്ത്തിപ്പാടുകയാണ്. ഈ ബ്രാഹ്മണ ശാപം ഫാസിസത്തിന്റെ കടന്നുകയറ്റമല്ലേ?

പാർട്ടി ജനറൽ സെക്രട്ടറി ബ്രാഹ്മണനായതു കൊണ്ട് കൃത്യമായ വിലയിരുത്തൽ പാർടി കോൺഗ്രസിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.