Fri. Nov 20th, 2026

ആദിവാസികളെ ആധുനികത പഠിപ്പിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ചുംബന മേള വിവാദമായി. ജാർഖണ്ഡിലെ എം.എൽ.എയും ജാർഖണ്ഡ് മുക്തി മോർച്ച നേതാവുമായ സൈമൻ മറാണ്ടിയാണ് തന്റെ നിയോജക മണ്ഡലത്തിൽ ചുംബന മേള നടത്തിയത്. എന്നാൽ ശനിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയോടെയാണ് പുറം ലോകമറിയുന്നത്. മൂന്ന് ആദിവാസി ദമ്പതികൾ പരസ്പരം ചുംബിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പ്രണയവും ആധുനികതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് താൻ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് എം.എൽ.എ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദിവാസി ജനങ്ങൾ പൊതുവെ നാണം കുണുങ്ങികളാണ്. ഇത്തരത്തിലൊരു മത്സരത്തിൽ പരസ്പരം ചുംബിക്കുമ്പോൾ ആദിവാസികളുടെ മടി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ദമ്പതികൾ തമ്മിലുള്ള പരസ്പര ബന്ധം കൂട്ടുമെന്നും വിവാഹ മോചന നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ് കണക്കിന് ആളുകളാണ് ചുംബന മത്സരം കാണാനും ഇതിൽ പങ്കെടുക്കാനുമായി എത്തിയത്. അതേസമയം, പരിപാടിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ച് എന്ത് നേടിയെന്ന് സൈമൻ മറാണ്ടി വ്യക്തമാക്കണമെന്ന് മുതിർന്ന ബി.ജെ.പി നേതാവായ രമേശ് പുഷ്കർ ആവശ്യപ്പെട്ടു.

ആദിവാസികളെ പൊതു സമൂഹത്തിലേക്ക് അടുപ്പിക്കാൻ എത്രയോ ക്രിയാത്മകമായ മാർഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആദിവാസികളുടെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും കളിയാക്കുകയാണ് സൈമൻ മറാണ്ടി ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.