ദുബായിൽ അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും. മൃതദേഹം ഇന്ന് തന്നെ മുംബയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് ഊർജിതമാക്കിയെങ്കിലും നാളെ പുലർച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂ എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
അതേസമയം, പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വരാതെ മരണകാരണം അടക്കമുള്ള കാര്യങ്ങളിൽ ഒന്നും ഒന്നും പറയാനാകില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.
അൽ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥൻ ശ്രീദേവിയുടെ കുടുംബത്തിനൊപ്പമുണ്ട്. ഫോറൻസിക് റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്. ഇതേസമയം, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വ്യവസായ പ്രമുഖൻ മുകേഷ് അംബാനി സ്വകാര്യ ജെറ്റ് വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.