Sun. Nov 22nd, 2026

പൗരത്വ നിയമ ഭേദഗതിക്കെതിരായ കഴിഞ്ഞ രണ്ട് മാസമായി സത്രീകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ശഹീന്‍ബാഗില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതയിലേക്ക് മാര്‍ച്ച് നടത്താനാണ് സമര സമിതിയുടെ തീരുമാനം. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും സമര സമിതി അറിയിച്ചു. അതേ സമയം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് താന്‍ തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നവര്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മൂന്ന് ദിവസത്തിനകം സമയം അനുവദിക്കുന്നതായിരിക്കുമെന്നും അമിത് ഷാ അറിയിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം അമിത് ഷായെ കാണാന്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്ന് സമരക്കാര്‍ അറിയിച്ചു. ഷഹീന്‍ബാഗ് സമരക്കാര്‍ നാളെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ഷാ മറുപടി നല്‍കേണ്ടത് പ്രതിനിധികള്‍ക്കല്ല, എല്ലാവര്‍ക്കുമാണ്. പ്രതിനിധി സംഘത്തില്‍ ഞങ്ങള്‍ എല്ലാവരും അംഗങ്ങളാണ് – സമരക്കാര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമയം ചോദിച്ച് യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗില്‍ സി.എ.എയ്‌ക്കെതിരെ സമരം ആരംഭിച്ചത്. സി.എ.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമരമാണ് ഷഹീന്‍ബാഗിലേത്.

https://newsgile.com/2020/02/16/shaheen-bagh-protesters-say-ready-to-meet-shah-home-ministry-says-no-such-meeting-scheduled-for-sunday/