Thu. Mar 28th, 2024

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിറക്കി.

ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അനുമതി സര്‍ക്കാറിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്താനത്തില്‍ വി എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തും. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിറകെയാണ് യുഡിഎഫ് കാലത്തെ മറ്റൊരു മന്ത്രിയായ വി എസ് ശിവകുമാറിനെതിരെയും അന്വേഷണം വരുന്നത്. അതേ സമയം വി എസ് ശിവകുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

യു.ഡി.എഫ് സര്‍ക്കാരില്‍ ആരോഗ്യം, ദേവസ്വം അടക്കം സുപ്രധാന വകുപ്പുകള്‍ ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ശിവകുമാറിന് അനധികൃത സ്വത്ത് സമ്പാദനമുണ്ടെന്നും ബിനാമി ഇടപാടുകള്‍ ഉണ്ടെന്നും ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോഴാണ് വിവരം ലഭിച്ചത്. ശിവകുമാര്‍ അടക്കം ഏഴ് ആളുകള്‍ക്കെതിരെയാണ് പരാതി ലഭിച്ചിരുന്നത്. ഇതില്‍ വിജിലന്‍സ് ഡി.വൈ.എസ്.പി അന്വേഷണവും നടത്തിയിരുന്നു. ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് ഇവരുടെ സ്വത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതെല്ലാം ശിവകുമാറിന്റെ ബിനാമി സ്വത്താണെന്നും സംശയമുള്ള സാഹചര്യത്തിലാണ് തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കാണിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ കത്തിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അംഗീകാരം ലഭിച്ചിരിക്കുന്നത്.

മന്ത്രിയായിരിക്കേ നടത്തിയ സ്ഥലംമാറ്റം അടക്കമുള്ള ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന ആരോപണം നേരത്തെ വിജിലന്‍സ് അന്വേഷിച്ച് തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തന്‍ ഗവര്‍ണറുടെ അനുമതി വേണം. പാലാരിവട്ടം അഴിമതി കേസില്‍ യു.ഡി.എഫ് കാലത്ത് പൊതുമരാമത്ത്മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അന്വേഷണം നേരിടുകയാണ് ഇബ്രാഹംകുഞ്ഞിനെതിരെ അന്വേഷണത്തിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനധികൃത സ്വത്ത സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ.ബാബുവും വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്നു.

https://newsgile.com/2020/02/16/kerala-govt-gives-clearance-for-registering-vigilance-case-against-former-minister-vs-sivakumar/