Wed. Nov 25th, 2026

ജെ.എൻ.യു സർവകലാശാലയിലെ ആക്രമണത്തിന് ശേഷം ബോളീവുഡ് താരം ദീപിക പദുക്കോൺ ക്യാമ്പസിലെത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് ദീപികയ്ക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. പല തരത്തിലുള്ള പ്രചാരണമാണ് താരത്തിനെതിരെ ബി.ജെ.പി നടത്തിയത്. ഇതിൽ പ്രധാനമായി ദീപികയെ ട്വിറ്ററിൽ അൺഫോളോ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ്. എന്നാൽ ബി.ജെ.പിയുടെ ആ നീക്കങ്ങളെല്ലാം പാളിപ്പോയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വലിയ വർദ്ധനവാണ് സംഭവത്തിന് ശേഷം ഉണ്ടായത്. സംഘപരിവാറിന് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് 40,000 പേരാണ് ദീപികയെ പുതുതായി ഫോളോ ചെയ്തതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ ‘ചപക്’ ബഹിഷ്‌കരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണത്തിലെ കള്ളക്കളികളും സോഷ്യൽ മീഡിയ പൊളിച്ചിരുന്നു. സിനിമയക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തതായി പലരും പങ്കുവെച്ച ചിത്രങ്ങളെല്ലാം ഒരേ ഒരു ടിക്കറ്റിന്റേതാണെന്ന് കണ്ടെത്തി. ഇതോടെ സംഘപരിവാർ പുതിയ തന്ത്രവുമായി രംഗത്തെത്തുകയായിരുന്നു.

മാത്രമല്ല ബി.ജെ.പി അനുകൂലികളുടെ പ്രചരണത്തിനെതിരെ സ്റ്റാൻഡ് വിത്ത് ദീപിക, ഐ സപ്പോർട്ട ദീപിക തുടങ്ങിയ ഹാഷ് ടാഗുകള്‍ക്ക് സോഷ്യൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം ചപകിനെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഛത്തീസ്ഗഡും രംഗത്തെത്തി. സാമൂഹ്യ പ്രതിബദ്ധത ഉയർത്തുന്ന ചിത്രമായതിനാൽ ആണ് വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു.

ദീപിക പദുകോൺ ജെ എൻ യുവിൽ എത്തിയത് ഒരു ചെറിയ കാര്യമല്ല. ഹിന്ദുത്വ ഫാഷിസ്റ്റ് ഭീകരത ഈ രാജ്യത്തിന്റെ പൗരസമൂഹത്തിൽ സൃഷ്ടിച്ച സംഘിപ്പേടി ഇവിടെ ഉയരുന്ന മതേതര, ജനാധിപത്യ പോരാട്ടത്തിൽ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ദീപിക പദുകോൺ. വാണിജ്യസിനിമയുടെ ലാഭനഷ്ടങ്ങളിൽ പരസ്പര സ്വാധീനം ചെലുത്തുന്ന ഒരു നടി ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരായ ഒരു സമരത്തിനോട് പരസ്യമായി സമരഭൂമിയിൽ വന്ന് ഐക്യദാർഢ്യവും പ്രകടിപ്പിക്കുമ്പോൾ ഹിന്ദുത്വ ഫാഷിസത്തിന്‌ അതിൻറെ ഏറ്റവുംവലിയ രാഷ്ട്രീയായുധമായ ഭയം ജനിപ്പിക്കലും പരാജയപ്പെടുന്നു എന്നതിന്റെ സൂചനകൂടിയാണ്. സാവധാനമെങ്കിലും സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അതിനൊപ്പം അണിചേരുന്ന കാഴ്ച. ദേശദ്രോഹികളെന്നും ടുക്കടെ ടുക്കടെ ഗാങ് എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ട് ഈ ജനാധിപത്യ സമരത്തെ തകർക്കാൻ ഇനി എളുപ്പമാകില്ല എങ്കിലും വിപ്ലവ കേരളമെന്നോ പ്രബുദ്ധകേരളമെന്നോ ഒക്കെ അവകാശപ്പെടുന്ന പുനരുത്ഥാന കേരളം സംഘിപ്പേടി ഒഴിയാതെ പലപ്പോഴും ഫാസിസ്റ്റുകളോട് സന്ധിചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.