ഒക്ടോബർ 25: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി (1903 – 1977) ഓർമ്മ ദിനം
അടിയന്തരാവസ്ഥക്കാലം. തൃശ്ശൂർ റൗണ്ടിലൂടെ നടക്കുന്ന മുണ്ടശ്ശേരിയെ പോലീസ് വിലക്കി. കാൽനടക്കാർക്കായി വരച്ച വരയ്ക്കുള്ളിലൂടെ നടക്കണം എന്നായിരുന്നു ആജ്ഞ. “നിങ്ങൾ വരച്ച വരയിലൂടെ ഞാൻ നടക്കില്ല. ഞാൻ വരച്ച വരയിലൂടെ നിങ്ങളെ നടത്തിക്കും.” ഇതായിരുന്നു മുണ്ടശ്ശേരിയുടെ മറുപടി. അതായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരി എന്ന ധിക്കാരി. ആളെ മനസ്സിലാക്കിയ എസ്.ഐ. മാപ്പ് പറഞ്ഞ ശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നുകൊണ്ട് അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും ഒരു ധിക്കാരമായിരുന്നു. അധഃകൃതന് വിദ്യ നിഷേധിച്ച മനുസ്മൃതി മൂല്യങ്ങളോടുള്ള ധിക്കാരം.
വിദ്യാഭ്യാസം നേടുക എന്നത് പാവപ്പെട്ടവന്റെ ധിക്കാരമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത് ധിക്കാരിയാവാൻ ഇറങ്ങിത്തിരിച്ച; പിന്നീട് പ്രൊഫസറാവുകയും ഐക്യകേരളത്തിൻറെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായി മാറുകയും ചെയ്ത ഒരു വിദ്യാർത്ഥി. പഠനത്തിന്റെ ഓരോ നാളിലും ഓരോഘട്ടത്തിലും വിദ്യാഭ്യാസം അർഹതപ്പെട്ടവർക്ക് പണം മാനദണ്ഡമാകാതെ ലഭ്യമാകണമെന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്.
അറിവാർജിക്കാനുള്ള ആ ധിക്കാരത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. പഠിക്കാൻ പൈസയില്ലാതെ അധ്യാപകന്റെ സഹായംകൊണ്ടു മാത്രം സ്കൂളിൽപോയ നാളുകൾ. ആ ദിനങ്ങളെ കളിയാക്കിയ സമ്പന്നന്റെ നേർക്ക് തിരിഞ്ഞുനിന്ന് മറുപടി പറയാൻ കഴിയാതിരുന്നതിലുള്ള സങ്കടം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനസാഹചര്യമുണ്ടാക്കി നൽകുന്നതിലൂടെ പരിഹരിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി.

പിന്നീട് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി അദ്ദേഹം കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിന്റെ പരമപ്രധാനമായ ലക്ഷ്യവും അതുതന്നെയായിരുന്നു. വിദ്യ അഭ്യസിക്കുന്നവരുടെയും അഭ്യസിപ്പിക്കുന്നവരുടെയും ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കപ്പെടുക. ഇന്നിപ്പോൾ ഉയർന്ന സാക്ഷരതാ നിരക്കും വിദ്യാഭ്യാസ സാഹചര്യവുമെല്ലാം ചർച്ചയാകുമ്പോൾ അതിന്റെയെല്ലാം അടിത്തറ മുണ്ടശ്ശേരി കെട്ടിപ്പൊക്കിയ വിദ്യാഭ്യാസ ബില്ലാണെന്നത് മറക്കാനാകാത്ത വസ്തുത. അന്ന് കാതൊലിക്ക സഭ കുഞ്ഞാടുകളെക്കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യങ്ങളിലൊന്ന് ഇതായിരുന്നു എന്നും മറക്കരുത് “മണ്ടാ മുണ്ടാ മുണ്ടശ്ശേരി…, മുണ്ടശ്ശേരീടെ മണ്ടേലെന്താ ചകിരിച്ചോറോ ചാരായോ?”
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ച വിദ്യാഭ്യാസ വിചക്ഷണനും നിരൂപണ സാഹിത്യത്തിന് പുതിയമാനം നല്കിയ ദാര്ശനിക വ്യക്തിത്വവുമായിരുന്നു പ്രൊഫ. ജോസഫ് മുണ്ടശ്ശേരി.
കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച മുണ്ടശ്ശേരി 1957 ജൂലൈ 13ന് അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല് (KER ) ചരിത്രപ്രസിദ്ധമാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിര്ദ്ദേശമായിരുന്നു. അന്ന് കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9000 ത്തോളം വിദ്യാലയങ്ങളിൽ ബഹുഭൂരിപക്ഷവും സ്വകാര്യമേഖലയിലായിരുന്നു. ഇത്തരം സ്കൂളുകളിൽ അദ്ധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ. ഇതിനെത്തുടര്ന്ന് കോൺഗ്രസും മത-സാമുദായിക സംഘടനകളും ചേർന്ന് നടത്തിയ കുപ്രസിദ്ധമായ വിമോചനസമരമാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്.
തൃശ്ശൂരിലെ സെന്റ് തോമസ് കോളജിൽ അന്യഭാഷാ വിഭാഗത്തിന്റെ തലവനായും തൃശ്ശൂർ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ വിശിഷ്ട പ്രധാനാദ്ധ്യാപകനായും ജോലി ചെയ്തു. കേരള സർവകലാശാല, തിരുവിതാംകൂർ സർവകലാശാല, മദ്രാസ് സർവകലാശാല എന്നിവയിൽ സെനറ്റ് അംഗമായും പ്രവർത്തിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല എന്ന ആശയം കൊണ്ടുവന്നതും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്ഥാപിച്ചതും അദ്ദേഹമാണ്.KUSAT ൻറെ ആദ്യ വൈസ്ചാൻസിലറും അദ്ദേഹമായിരുന്നു. തൃശ്ശൂർ എൻജിനീയറിങ് കോളജും കൊല്ലത്തെ തങ്ങൾ കുഞ്ഞു മുസലിയാർ എൻജിനീയറിങ് കോളജും സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
സാഹിത്യവിമർശന രംഗത്ത് ഇദ്ദേഹത്തിന്റെ ഗദ്യശൈലി വേറിട്ടതായിരുന്നു. രൂപഭദ്രതയെക്കുറിച്ചുള്ള സിദ്ധാന്തത്തിലും വ്യാഖ്യാനശാസ്ത്രത്തിലും ഒരു പുതിയ ചരിത്രം കുറിച്ചു. കൊടുങ്കാറ്റിന്റെ തീവ്രതയോടെയാണ് ജോസഫ് മുണ്ടശ്ശേരി സാഹിത്യ വിമർശനത്തിലേക്കു കടന്നു വന്നത്. പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയിൽ സ്വാധീനം ചെലുത്തി. പിൽക്കാലത്ത് സാഹിത്യസൃഷ്ടിയിൽ സാമൂഹിക സ്ഥിതിയുടെ സ്വാധീനം സുപ്രധാനമാണെന്ന നിലപാടിൽ മുണ്ടശ്ശേരി എത്തിച്ചേർന്നു.
കേരളം, പ്രേക്ഷിതൻ, കൈരളി, നവജീവൻ തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യ വാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി. പാശ്ചാത്യ സംസ്കരങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കേരളത്തിൽ കുമാരനാശാൻ, തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിയവർക്ക് സ്മാരകങ്ങൾ നിർമിക്കുന്നതിലും മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലേക്ക് മാറ്റി സ്ഥാപിച്ചതിനും കേരള സംഗീത നാടക അക്കാദമിക്ക് തൃശ്ശൂരിൽ ആസ്ഥാനമൊരുക്കിയതിനും പിന്നിൽ ജോസഫ് മുണ്ടശ്ശേരിയുടെ നിരന്തര പരിശ്രമമുണ്ട്.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന പേരിനെ പോഷിപ്പിച്ച് ലളിതകലാഅക്കാദമിയുടെ ആസ്ഥാനവും കാലക്രമത്തിൽ തൃശ്ശൂരിന് ലഭിച്ചപ്പോൾ അതിലെ സംതൃപ്തിയും അദ്ദേഹത്തിന്റെ ആത്മകഥയായ കൊഴിഞ്ഞ ഇലകളിൽ കാണാം. കൊഴിഞ്ഞ ഇലകൾ മുണ്ടശ്ശേരിയുടെ മാത്രം കഥയല്ല. മലയാളത്തിലെ സാഹിത്യ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളുടെ നവോത്ഥാന ചരിത്രം കൂടിയാണ്.
കാവ്യപീഠിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികൾ, വായനശാലയിൽ (മൂന്നു വാല്യങ്ങൾ), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത ഒരു പഠനം, വള്ളത്തോളിന്റെ കവിത ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ തുടങ്ങിയ സാഹിത്യ വിമർശന കൃതികളും പ്രൊഫസർ, കൊന്തയിൽനിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത് എന്നീ നോവലുകളും സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ് എന്ന ചെറുകഥകളും, ഒറ്റനോട്ടത്തിൽ, ചൈന മുന്നോട്ട് തുടങ്ങിയ തന്റെ യാത്രാനുഭവങ്ങളുമാണ് മുണ്ടശ്ശേരിയുടെ സാഹിത്യ രംഗത്തെ പ്രധാന സംഭാവനകൾ. ‘കൊഴിഞ്ഞ ഇലകൾ’ ആത്മകഥയാണ്.
കൊച്ചി രാജാവ് ‘സാഹിത്യ കുശലൻ’ എന്ന ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 1973 ൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974ൽ സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്ന മുണ്ടശ്ശേരി കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപകാംഗവും സംഗീത അക്കാദമിയുടെ ശിൽപികളിൽ ഒരാളുമായിരുന്നു.

